ഓട്ടോ ഡൗൺലോഡ് പരസ്യങ്ങളെ നിയന്ത്രിക്കാൻ ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) രംഗത്ത്. ഓൺലൈൻ ഉപയോക്താക്കൾക്കു തങ്ങളുടെ സമ്മതത്തോടെയല്ലാതെ സ്വയം ഡൗൺലോഡ് ചെയ്യപ്പെടുന്ന പരസ്യങ്ങൾക്കു പണം നൽകേണ്ടിവരുന്ന സാഹചര്യം ആശാസ്യമല്ലെന്ന നിലപാാടാണ് ട്രായ് മുന്നോട്ട് വച്ചത്. ഇതു സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടത്തുന്നതിനായി വരുന്ന 24നു ട്രായ് പ്രത്യേകം സെമിനാർ സംഘടിപ്പിക്കും.
ടെലികോം സേവനദാതാക്കളേയും സോഷ്യൽ മീഡിയ കമ്പനികളേയും വ്യവസായ വിദഗ്ധരേയും ഉള്‍പ്പെടുത്തി നടത്തുന്ന ഈ സെമിനാറിന് ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണു നേതൃത്വം നൽകുക. തനിയെ ഡൗൺലോഡ് ചെയ്യപ്പെടുന്ന ഓൺലൈൻ പരസ്യങ്ങളില്‍ എത്ര ഡേറ്റ ഉപയോഗിക്കുന്നുണ്ട്, ഇത് എങ്ങനെ നിയന്ത്രിക്കാം, ഇത്തരത്തിലുള്ള ഡേറ്റ വിനിയോഗത്തിനു പരിധി നിർണയിക്കാന്‍ സാധിക്കുമോ എന്നീ കാര്യങ്ങളാണു ചർച്ചചെയ്യുക.