ഹിമാലയത്തില്‍ മഞ്ഞുവീഴ്ച: മരണം 40 ആയി, 34 പേരെ രക്ഷപ്പെടുത്തി

തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (08:40 IST)
നേപ്പാളില്‍ ഹിമാലയപര്‍വതനിരയിലുണ്ടായ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 40 ആയി. ഇതിനിടെ മഞ്ഞിനടിയില്‍നിന്ന് 12 പേരുടെ മൃതദേഹംകൂടി ഞായറാഴ്ച കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 40 ആയി. ഇതില്‍ 26 പേര്‍ പര്‍വതാരോഹണത്തിന് എത്തിയവരാണ്. അവശേഷിച്ചവര്‍ സഹായികളും. ചൊവ്വാഴ്ചയുണ്ടായ ദുരന്തത്തില്‍ മൂന്ന് ഇന്ത്യക്കാരും മരിച്ചിരുന്നു.
 
കുടുങ്ങിപ്പോയ 34 പേരെ ഞായറാഴ്ച രക്ഷപ്പെടുത്തി. തെരച്ചിലിനായി നേപ്പാള്‍ സൈന്യം അയച്ച നാല് ഹെലികോപ്ടറുകളിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇതില്‍ 17 പേര്‍ നേപ്പാളില്‍ നിന്നുള്ളവരാണ്. ജര്‍മനിയില്‍നിന്നുള്ള 10 പേരും സ്വീഡനില്‍ നിന്നുള്ള അഞ്ചുപേരും ഓസ്‌ട്രേലിയക്കാരായ രണ്ടുപേരും രക്ഷപ്പെട്ടവരില്‍പ്പെടും. 
 
മുസ്താംഗ്, മനാംഗ്, ദോല്‍പ എന്നിവടങ്ങളില്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്. മഞ്ഞുകട്ടകള്‍ ഉറഞ്ഞു പോയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് ദൗത്യത്തിന് നേതൃത്വംനല്‍കുന്ന നേപ്പാള്‍ ട്രക്കിംഗ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇതുവരെ 483 പേരെ രക്ഷപ്പെടുത്തി.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക