വിദേശ ഫണ്ട്; ടീസ്റ്റ സെതല്‍വാദിന്റെ സംഘടനകള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്
വെള്ളി, 19 ജൂണ്‍ 2015 (16:42 IST)
വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ ചട്ടലംഘനം ശ്രദ്ധയില്‍ പെട്ടതിനേതുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെയും ഭര്‍ത്താവിന്റെയും നേതൃത്വത്തിലുള്ള രണ്ട് എന്‍ജിഒ സംഘടനകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചു. ടീസ്റ്റയും ഭര്‍ത്താവ് ജാവേദ് ആനന്ദും നടത്തുന്ന സബരാംഗ് ട്രസ്റ്റ്, സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റീസ് ആന്റ് പീസ് എന്നീ സംഘടനകള്‍ക്കാണ് നോട്ടീസ് ലഭിച്ചത്.
എഫ്സിആര്‍എ ചട്ടപ്രകാരം അംഗീകൃത മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വിദേശ ഫണ്ട് സ്വീകരിക്കാന്‍ കഴിയില്ല. എന്നാല്‍ കമ്മ്യുണലിസ്ം കോംബാറ്റ് എന് പേരില്‍ ഇവര്‍ ഒരു മാസിക നടത്തുന്നുണ്ടെന്നും ഇവരുടെ സബരാംഗ് കമ്മ്യുണിക്കേഷന്‍ ആന്റ് പബ്ലിഷിംഗ് കമ്പനി അനധികൃതമായ വിദേശ സഹായം കൈപ്പറ്റുന്നുണ്ടെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ ഇവരുടെ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് ലഭിച്ച വിവരങ്ങളിലും വിശദീകരണം തേടിയിട്ടുണ്ട്. പതിനഞ്ചു ദിവസത്തിനകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സംഘടനകളുടെ അംഗീകാരം റദ്ദാക്കപ്പെടും.
2002ലെ ഗുജറാത്ത് കലാപത്തില്‍ ഇരകളെ സഹായിക്കുന്നതിനായി രൂപീകരിച്ച സൊസൈറ്റിക്ക് ലഭിച്ച ഫണ്ട് ടീസ്റ്റയും ഭര്‍ത്താവും ചേര്‍ന്ന് തട്ടിയെടുത്തുവെന്ന കേസില്‍ ഇവര്‍ക്കെതിരെ നടപടി തുടരുകയാണ്. കേസില്‍ ഇവരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. അതിനു പിന്നാലെയാണ് പുതിയ കേസ് വന്നിരിക്കുന്നത്.