ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ മധുരപലഹാരം വിതരണം ചെയ്‌തത് ആരാണ് ?; ആശയങ്ങള്‍ക്കെതിരെ ആക്രമണമാണ് സംഘപരിവാറിന്റെ ആയുധം - യെച്ചൂരി

ചൊവ്വ, 28 ഫെബ്രുവരി 2017 (18:55 IST)
എബിവിപിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയ കാര്‍ഗില്‍ രക്തസാക്ഷിയായ ജവാന്റെ മകള്‍ ഗുർമെഹർ കൗറിനെ വിമര്‍ശിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്‌ട്രപിതാവ് മഹാത്മ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആരാണ് ആഘോഷിച്ചതെന്നും അദ്ദേഹം ചോദിച്ചു.

ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആര്‍എസ്എസുകാര്‍ മധുരപലഹാരം നല്‍കി ആഘോഷിച്ചതിന്‌റെ കാര്യം ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആര്‍എസ്എസ് തലവനായിരുന്ന ഗോള്‍വള്‍ക്കറിനോട് ചോദിച്ചിരുന്നുവെന്നും യെച്ചൂരി ട്വീറ്റ് ചെയ്‌തു.

ഇന്ത്യാ ചൈന യുദ്ധത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ ഇടതുപക്ഷം ആഘോഷിച്ചുവെന്ന കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തിന് ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ മറുപടി.

അതേസമയം, എബിവിപിക്കെതിരായ പ്രതിഷേധങ്ങൾ താൻ അവസാനിപ്പിക്കുകയാണെന്ന് ഗുർമെഹർ പ്രഖ്യാപിച്ചതിന് പിന്നാലെ നിലപാട് മയപ്പെടുത്തി കിരണ്‍ റിജ്ജു രംഗത്തെത്തി. സംസാരിക്കാൻ തീർച്ചയായും സ്വാതന്ത്ര്യമുണ്ടെന്നും അവർക്ക് സ്വതന്ത്രമായി സംസാരിക്കാമെന്നും ഇഷ്ടമുള്ളത് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക