സേലത്തു നിന്നും ചെന്നൈയിലേക്ക് പോയ ട്രെയിനില്‍ നിന്നും 23 ടണ്‍ പണം കവര്‍ന്നത് സിനിമാ സ്റ്റൈലില്‍. മങ്കാത്ത, ജെന്റില്‍മാന്‍ തുടങ്ങിയ ചിത്രങ്ങളിലേത് പോലെ ''മാസ് റോബറി''യാണ് സേലം എക്‌സ്പ്രസില്‍ നടന്നത്. വിവിധ ബാങ്കുകളിലേക്കായി 228 പെട്ടികളിലായി സൂക്ഷിച്ച് കൊണ്ടു പോയ പണം കൊള്ളയടിക്കപ്പെട്ട വിവരം അറിഞ്ഞത് ട്രെയിന്‍ ചെന്നൈയിലെത്തിയപ്പോള്‍ മാത്രം.
യാത്രാ തീവണ്ടിയുടെ ഏറ്റവും അവസാന ബോഗിയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ക്ലോസ്ഡ് ബോഗി ആയതിനാല്‍ സുരക്ഷാ ജീവനക്കാരാരും ഇതില്‍ ഉണ്ടായിരുന്നില്ല. വിവിധ സ്‌റ്റേഷനുകളില്‍ നിര്‍ത്തുന്നതിനാല്‍ ബോഗിയുടെ വാതിലുകളൊന്നും തകര്‍ക്കാതെ മുകളില്‍ ദ്വാരമിട്ടാണ് മോഷണം. കീറിയ നോട്ടുകളും പുതിയ നോട്ടുകളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പണം സൂക്ഷിച്ച പെട്ടികള്‍ കുത്തി തുറന്ന് കീറിയ നോട്ടുകള്‍ ഒഴിവാക്കിയാണ് മോഷണം നടത്തിയത്. ട്രെയിനിന്റെ ബോഗിക്ക് മുകളില്‍ ദ്വാരമിട്ടാണ് പണം കവര്‍ന്നത്.
ദ്വാരത്തിലൂടെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും ഏത് രീതിയിലാണ് പണം മോഷണം പോയതെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ട്രെയിനില്‍ പണം കൊണ്ടുപോകുന്ന വിവരം അതീവ രഹസ്യമായിട്ടും മോഷ്ടാക്കള്‍ വിവരം എങ്ങനെ അറിഞ്ഞുവെന്നതും ഇതുവരെ വ്യക്തമായിട്ടില്ല. പണം കടത്തുന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ മോഷ്ടാക്കള്‍ മുന്‍കൂട്ടി അറിയുകയും വ്യക്തമായ പദ്ധതി രൂപികരിക്കുകയും ചെയ്തത് കള്ളന്‍ കപ്പലില്‍ തന്നെ എന്ന സംശയം ദൃഢമാക്കുന്നു.