നുഴഞ്ഞുകയറാന്‍ കാത്തിരിക്കുന്നത് 200 ഭീകരര്‍; ആശങ്കയില്‍ ഇന്ത്യ

തിങ്കള്‍, 19 ജനുവരി 2015 (13:11 IST)
യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യാസന്ദര്‍ശനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ കനത്ത സുരക്ഷ ഒരിക്കി കാത്തിരിക്കുന്ന കേന്ദ്രസര്‍ക്കാരിനെ ആശങ്കയിലാക്കി ലഷ്കറെ തയിബ ഭീകരര്‍ രാജ്യത്ത് ആക്രമണം നടത്താന്‍ തയ്യാറായതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.  അതിര്‍ത്തി വഴി നുഴഞ്ഞുകയറി കശ്മീരിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ആക്രമണങ്ങള്‍ നടത്താനാണ് ഭീകരര്‍ പദ്ധതി തയ്യാറാക്കുന്നതെന്നാണ് ഇന്റലിജന്‍ റിപ്പോര്‍ട്ട് പറയുന്നത്. 
 
ഒബാമയ്ക്ക് സുരക്ഷ ഒരുക്കുന്നതിനായി സുരക്ഷാ സംവിധാനങ്ങള്‍ ഡല്‍ഹി കേന്ദ്രീകരിച്ച സാഹചര്യം മുതലാക്കാനാണ് ഭീകരര്‍ ശ്രമിക്കുന്നതെന്നാണ് സൂചന. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. അന്താരാഷ്ട്ര അതിര്‍ത്തികളില്‍ മുഴുവനും സുരക്ഷ കര്‍ശനമാക്കാനാണ് ആഭ്യന്തരമന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതിന്റെ പശ്ചാത്തലത്തില്‍  അധികമായി 10 കമ്പനി ബിഎസ്എഫ് സംഘത്തെ ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ വിന്യാസിക്കാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു.
 
കൃത്യമായ പരിശീലനം ലഭിച്ച ഭീകരരാണ് നുഴഞ്ഞു കയറാന്‍ തയാറായിരിക്കുന്നത് എന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. അതിനാല്‍ പഴുതടച്ചുള്ള സുരക്ഷ ഉറപ്പാക്കാനാണ് ഇന്ത്യയുടെ നീക്കം. ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ തയാറായി ഏതാണ്ട് ഇരുനൂറോളം ഭീകരര്‍ അതിര്‍ത്തിയില്‍ ഉണ്ടെന്ന് കരസേനയിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നു. റിപ്പബ്ളിക് ദിന പരേഡില്‍ പങ്കെടുക്കുന്നതിന് ഒബാമ ഈ 26ന് ഇന്ത്യയിലെത്തും. ഇതിനോടനുബന്ധിച്ച് ഇന്ത്യയിലാകെ വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
 
ബറാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ഭീകരാക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക്കിസ്ഥാനോട് യുഎസ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ - പാക്ക് അതിര്‍ത്തിയില്‍ യാതൊരു തരത്തിലുള്ള പ്രകോപനവും ഉണ്ടാക്കരുതെന്നും യുഎസ് ആവശ്യപ്പെട്ടു.  യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും തങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാവില്ലെന്ന് പാക്കിസ്ഥാന്‍ യുഎസിന് ഉറപ്പു കൊടുത്തിട്ടുണ്ട്. ഒബാമയുടെ ഇന്ത്യ സന്ദര്‍ശന സമയത്ത് ഭീകരാക്രമണം ഉണ്ടായാല്‍ അത് രാജ്യത്തെ വിപരീതമായി ബാധിച്ചേക്കുമെന്ന് പാക്കിസ്ഥാന് ആശങ്കയുണ്ട്. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക