ആൺകുട്ടിക്ക് നാലു ലക്ഷം, പെൺകുട്ടിക്ക് രണ്ടേമുക്കാൽ ലക്ഷം; നഴ്‌സ് വിറ്റത് 4500 കുട്ടികളെ - യുവതിയും സംഘവും അറസ്‌റ്റില്‍

വെള്ളി, 26 ഏപ്രില്‍ 2019 (13:22 IST)
കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ 4500 ഓളം കുട്ടികളെ വിൽപന നടത്തിയ സ്‌ത്രീ അറസ്‌റ്റില്‍. തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിലെ രാശിപുരം സ്വദേശിയായ അമുദവല്ലി എന്ന സ്‌ത്രീയാണ് പൊലീസിന്റെ പിടിയിലായത്. സർക്കാർ ആശുപത്രിയിലെ നഴ്സായിയിരുന്നു ഇവര്‍.

ലക്ഷങ്ങള്‍ വാങ്ങി കുട്ടികളെ അനധികൃതമായി ദത്തെടുത്ത് വിൽപന നടത്തുകയായിരുന്നു അമുദ. ഒരു ഇടപാടിന്   മുപ്പതിനായിരം രൂപയാണ് ഇവര്‍ വാങ്ങിയിരുന്നത്. ആൺകുട്ടിക്ക് നാലു ലക്ഷം രൂപയും പെൺകുട്ടിക്ക് രണ്ടേമുക്കാൽ ലക്ഷം രൂപയുമായിരുന്നു വിലയിട്ടിരുന്നത്.

അമുദവല്ലിയുമായി സതീഷ് എന്ന ഇടപാടുകാരൻ നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത് പോയതോടെയാണ് ആരോഗ്യ വകുപ്പ് അന്വേഷണത്തിന് നിർദ്ദേശിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

കുട്ടിയുടെ നിറം, ശരീരപ്രകൃതം, ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നത് അനുസരിച്ചാണ് വില തീരുമാനിക്കുന്നത്. കാണാൻ ആകർഷത്വമുള്ള കുട്ടിയാണെങ്കിൽ വില കുറച്ചുകൂടി കൂടുമെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. ഇടപാടിന് മുമ്പ് തന്നെ തന്റെ കമ്മീഷനായ മുപ്പതിനായിരം രൂപ കൈമാറണമെന്നും സ്‌ത്രീ വ്യക്തമാക്കുന്നുണ്ട്.

ഒന്നിലേറെ കുട്ടികളുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍, ഭർത്താവ് ഉപേക്ഷിച്ചു പോയ സ്‌ത്രീകള്‍, ഗർഭിണികളായ അവിവാഹിതർ എന്നിവരില്‍ നിന്നാണ് അമുദവല്ലി കുട്ടികളെ വാങ്ങിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി.

കുട്ടികളെ കൈമാറുമ്പോള്‍ ജനന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ ഇവര്‍ നല്‍കിയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. യുവതിക്കൊപ്പം ഇടപാട് നടത്താന്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഇത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍