ഭാര്യക്കൊപ്പം ഉറങ്ങുമ്പോള്‍ ടോർച്ച് ലൈറ്റ് തെളിച്ചു; സംഘര്‍ഷത്തിനിടെ യുവാവിനെ വെട്ടിക്കൊന്നു
വീടിന് പുറത്ത് ഭാര്യക്കൊപ്പം കിടന്നുറങ്ങിയ ഭർത്താവിനെ എട്ടംഗസംഘം വെട്ടിക്കൊന്നു. തിങ്കളാഴ്ച രാത്രി നാഗർകോവിലിലെ മേലമണക്കുടി ലൂർദ് മാതാ സ്ട്രീറ്റിലാണ് സംഭവം. മത്സ്യതൊഴിലാളിയായ വിൻസെന്റ് ആണ് കൊല്ലപ്പെട്ടത്. സമീപവാസിയായ കിദിയോന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊല നടത്തിയത്.
വീടിനുള്ളില്‍ ചൂട് അധികമായതിനാല്‍ വിന്‍സെന്റും ഭാര്യയും പുറത്താണ് കിടന്നുറങ്ങിയത്. ഇവര്‍ക്ക് നേര്‍ക്ക് കിദിയോനും സംഘവും ടോർച്ച് ലൈറ്റ് തെളിച്ചതോടെ പരസ്‌പരം വാക്കേറ്റമുണ്ടായി.
പ്രകോപിതനായ കിദിയോനും സംഘവും പിന്നീട് വിൻസെന്റിന്റെ വീടിന് മുന്നിലെത്തുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്‌തു. ഇതിനിടെ സംഘത്തിലൊരാള്‍ അരിവാൾ ഉപയോഗിച്ച് വിന്‍സെന്റിനെ വെട്ടി. ഇയാളുടെ ഭാര്യയുടെ നിലവിളി കേട്ട് സമീപവാസികള്‍ എത്തിയാണ് വിന്‍സെന്റിനെ ആശുപത്രിയില്‍ എത്തിച്ചത്.
ഗുരുതര പരുക്കേറ്റ വിന്‍സെന്റിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിൻസെന്റിന്റെ ഭാര്യയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.