കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലിക്കെതിരെ രാജ്യദ്രോഹത്തിന് കേസ്
ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (09:23 IST)
കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലിക്കെതിരെ രാജ്യദ്രോഹത്തിന് സ്വമേധയാ കേസെടുക്കാന്‍ ഉത്തർപ്രദേശിലെ മഹോബ കോടതി നിർദേശിച്ചു. ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ (എൻജെഎസി) ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിച്ചു റദ്ദാക്കിയ സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്‌തതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്. കുൽപഹർ പൊലീസ് സ്റ്റേഷനിലാണ് ജയ്റ്റ്‍ലിക്കെതിരെ കേസെടുത്തിരിക്കുന്നത്.
സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) അങ്കിത് ഗോൽ ആണ് ജയ്റ്റ്‍ലിക്കെതിരെ ഐപിസി 505, ഐപിസി 124(എ) തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസിനോട് കേസെടുക്കാൻ ആവശ്യപ്പെട്ടത്. നവംബർ 19ന് നേരിട്ട് ഹാജരാകാനും മന്ത്രിയോട് കോടതി ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധി തെറ്റായ വാദഗതികളാണുള്ളതെന്നായിരുന്നു ജയ്റ്റ്ലി അഭിപ്രായപ്പെട്ടത്. ഇന്ത്യൻ ജനാധിപത്യം തെരഞ്ഞെടുക്കപ്പെടാത്തവരുടെ സ്വേച്ഛാധിപത്യമാകരുതെന്നും, തെരഞ്ഞെടുക്കപ്പെട്ടവരെ അവഗണിക്കുന്നത് അപകടകരമാണെന്നും ജയ്റ്റ്ലി പറഞ്ഞിരിന്നു.