ബിസിസിഐയ്ക്ക് ഇനിമുതല്‍ ലോധ കമ്മിറ്റിയുടെ കടിഞ്ഞാണ്‍; സാമ്പത്തിക നിയന്ത്രണമേര്‍പ്പെടുത്തി സുപ്രീംകോടതി

വെള്ളി, 21 ഒക്‌ടോബര്‍ 2016 (12:59 IST)
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബി സി സി ഐ) സുപ്രീംകോടതി സാമ്പത്തികനിയന്ത്രണം ഏര്‍പ്പെടുത്തി. ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കാമെന്ന് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കുന്നത് വരെ അവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്കരുതെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.
 
ലോധ കമ്മിറ്റിയുടെ പരിഷ്കാരങ്ങള്‍ക്കെതിരെ ബി സി സി ഐ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതി സാമ്പത്തികനിയന്ത്രണം ഏര്‍പ്പെടുത്തിയത്. ലോധകമ്മിറ്റിയുടെ പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായി കോടതിയില്‍ വ്യക്തമാക്കിയ ബി സി സി ഐ സംസ്ഥാന അസോസിയേഷനുകളുടെ എതിര്‍പ്പാണ് ഇത് നടപ്പാക്കാന്‍ തടസ്സമെന്നും കോടതിയെ അറിയിച്ചിരുന്നു.
 
ഇതിനെ തുടര്‍ന്നാണ് സാമ്പത്തികനിയന്ത്രണം ഏര്‍പ്പെടുത്താന്‍ സുപ്രീംകോടതി തീരുമാനിച്ചത്. ഇതോടെ രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് രംഗത്തെ സാമ്പത്തിക ഇടപാടുകള്‍ക്ക് നിയന്ത്രണം വന്നിരിക്കുകയാണ്. ലോധകമ്മിറ്റിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നതു വരെ ഒരൊറ്റ ചില്ലിക്കാശു പോലും സംസ്ഥാന അസോസിയേഷനുകള്‍ക്ക് ലഭിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക