മദ്യനയം: സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും

വെള്ളി, 14 ഓഗസ്റ്റ് 2015 (08:34 IST)
സംസ്ഥാനസര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ബാര്‍ ഉടമകള്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും. അതേസമയം, സംസ്ഥാനസര്‍ക്കാരിന്റെ മദ്യനയം സുപ്രീംകോടതി ശരിവെച്ചിരുന്നു. 
 
ഫൈവ് സ്റ്റാര്‍ ബാര്‍ ഉടമകള്‍ക്കും ക്ലബുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്കുകയും തങ്ങളെ ഒഴിവാക്കുകയും ചെയ്തത് വിവേചനപരമാണെന്ന് ബാറുടമകളുടെ അഭിഭാഷകര്‍ വാദിച്ചു. ബാറുകള്‍ അടച്ച് പൂട്ടിയത് മദ്യവ്യവസായത്തെ ബാധിച്ചുവെന്നും ഇത് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയെന്നും ബാര്‍ ഉടമകള്‍ക്ക് വേണ്ടി അഭിഭാഷകര്‍ വാദിച്ചു.
 
ബാറുകളെ തരം തിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ചട്ടം, സര്‍ക്കാരിന്റെ അബ്‌കാരി നിയമം എന്നിവ പ്രകാരം ഫോര്‍സ്റ്റാറുകളെയും ഫൈവ് സ്റ്റാറുകളെയും ഒരേ ഗണത്തിലാണ് തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് ബാറുടമകള്‍ ഹര്‍ജി നല്കിയിരിക്കുന്നത്.
 
ബാര്‍ ലൈസന്‍സ് ലഭിക്കാന്‍ ബാര്‍ ഉടമകള്‍ക്ക് അവകാശം ഉണ്ടെന്ന് പറയുന്നത് തെറ്റാണ്. ബാര്‍ ലൈസന്‍സുകള്‍ മൗലിക അവകാശമല്ല. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നത് മദ്യ ഉപഭോഗം കുറയ്ക്കാന്‍ കാരണമാകും. ബാറുകള്‍ പൂട്ടിയ സാഹചര്യത്തില്‍ വീട്ടില്‍ മദ്യം കൊണ്ടുവന്ന് കഴിക്കുന്നതില്‍ കുഴപ്പമാണെന്ന് പറയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
 
യുവാക്കള്‍ മദ്യം ഉപയോഗിക്കുന്നത് കുറയ്‌ക്കണം. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നത് മദ്യ ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും. സമ്പൂര്‍ണ മദ്യനിരോധനം കടുത്ത നടപടിയാണെന്നും ടൂറിസം മേഖല തകരാതിരിക്കാനായിരിക്കാം ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയതെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
 
ഘട്ടം ഘട്ടമായുള്ള മദ്യനിരോധനത്തിന്റെ തുടക്കമായി ബാറുകള്‍ നിര്‍ത്തിയതിനെ കണ്ടുകൂടെ. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ട സാഹചര്യം ഉണ്ട്. ഈ സാഹചര്യത്തില്‍ മദ്യത്തിന്റെ ഉപഭോഗം കുറയ്‌ക്കാന്‍ തയ്യാറാകണം. മദ്യനയത്തിന് മുമ്പ് സര്‍ക്കാര്‍ എല്ലാവശങ്ങളും പരിശോധിച്ചിട്ടുണ്ടാകുമെന്നും കോടതി പറഞ്ഞു. ഫയലുകള്‍ ഇക്കാര്യം പറയുന്നുണ്ടല്ലോയെന്നും കോടതി അഭിപ്രായപ്പെട്ടു.  കേരളത്തിലുള്ളവര്‍ക്ക് പണം കൂടുതല്‍ ഉള്ളതുകൊണ്ടാണോ മദ്യ ഉപയോഗം വര്‍ധിച്ചതെന്നും കോടതി ചോദിച്ചു.

വെബ്ദുനിയ വായിക്കുക