സമ്മര്‍ദ്ദം ഫലിച്ചു; ജെല്ലിക്കെട്ടിന് കേന്ദ്രത്തിന്റെ അനുമതി
വെള്ളി, 8 ജനുവരി 2016 (11:53 IST)
ജെല്ലിക്കെട്ട് വിഷയത്തില്‍ തമിഴ്‌നാടിന്റെ സമ്മര്‍ദ്ദത്തിന് ഒടുവില്‍ കേന്ദ്രം സര്‍ക്കാര്‍ വഴങ്ങി. പൊങ്കലിനോട് അനുബന്ധിച്ച് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന വീരവിളയാട്ട് കായികവിനോദമായ ജെല്ലിക്കെട്ട് നടത്തുന്നതിലെ വിലക്ക് നീക്കിയതായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തത്.
ജെല്ലിക്കെട്ട് നിരോധനം നീക്കിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ മധുരയടക്കമുള്ള സംസ്ഥാനങ്ങളില്‍ ആഹ്ലാദപ്രകടനം നടന്നു. കാളകള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് 2014ലാണ് സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചത്. ഇതേ തുടര്‍ന്ന് 2015ല്‍ ജെല്ലിക്കെട്ട് ഇല്ലാതെയാണ് തമിഴ്‌നാട് പൊങ്കല്‍ ആഘോഷിച്ചത്.
നേരത്തെ, ഈ വര്‍ഷം ജെല്ലിക്കെട്ട് നടത്താനായുളള അനുമതിക്കായി കേന്ദ്ര സര്‍ക്കാര്‍ കോടതി വിധി മറികടന്ന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കിയിരിക്കുന്നത്.