ഇന്ത്യ- ചൈന സൌഹൃദബന്ധം ശക്തിപ്പെടുത്തണമെന്ന് സീ ജിന്‍‌പിംഗ്

വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (12:02 IST)
ഇന്ത്യയും ചൈനയും തമ്മിലുള്ള സൌഹൃദ ബന്ധം ശക്തിപ്പെടുത്തണമെന്ന് ചൈനീസ് പ്രസിഡന്റ് സീ ജിന്‍‌പിംഗ്. ഇന്ത്യയിലെ തന്റെ ആദ്യ സന്ദര്‍ശനം നിരവധി മാറ്റങ്ങള്‍ക്ക് വഴി തെളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റുള്ളവരുടെ സംസ്കാരത്തെ ഉള്‍ക്കൊള്ളുന്നുവെന്നും സീ ജിന്‍‌പിംഗ് പറഞ്ഞു. 
 
ഇന്ത്യ-ചൈന ഉഭയകക്ഷി ചര്‍ച്ചയ്ക്കു മുന്നോടിയായി രാഷ്ട്രപതി ഭവനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ് അദ്ദേഹം രാഷ്ട്രപതി ഭവനില്‍ എത്തിയത്. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും ധനമന്ത്രി അരുണ്‍ജെറ്റ്ലിയും പങ്കെടുത്തു. ഇന്ന് രാവിലെ ജിന്‍‌പിംഗ് രാജ്ഘട്ടില്‍ സന്ദര്‍ശനം നടത്തി.
 
ഇന്ത്യ-ചൈന ഉഭയകക്ഷി ചര്‍ച്ചയും ഇന്ന് നടക്കും. ഇന്ത്യയില്‍ ചൈനീസ് കമ്പനികള്‍ അറുപതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകളില്‍ ധാരണയാകും. ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി സഹകരിക്കാനും ചൈനയ്ക്ക് താല്‍പര്യമുണ്ട്. 
 
ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര വാണിജ്യ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ചൈനീസ് പ്രസിഡന്റ് സീ ജിന്‍‌പിംഗിന്റെയും നേതൃത്വത്തിലുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ ഊന്നല്‍ നല്‍കുന്നത്. ഇന്ത്യയില്‍ അറുപതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള താല്‍പര്യം ചൈന ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമുണ്ടാകും. 
 
ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി സഹകരിക്കാനും ചൈനയ്ക്ക് താല്‍പര്യമുണ്ട്. ചെലവു കുറഞ്ഞ ബുള്ളറ്റ് ട്രെയിനുകളാണ് ചൈനയുടെ വാഗ്ദാനം. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക