മഹാത്മഗാന്ധി, നെല്‍സണ്‍ മണ്ഡേല എന്നീ മഹാത്മാരുടെ കര്‍മ്മ ഭൂമിയായിരുന്നു ദക്ഷിണാഫ്രിക്ക. വര്‍ണവിവേചനത്തിന്റെ കാലത്ത് ദക്ഷിണാഫ്രിക്കയെ അപലപിച്ച ഇന്ത്യ തന്നെ പിന്നീട് വര്‍ണ വിവേചനം അവസാനിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയെ പുല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോളനിവത്കരണത്തിനും ജാതി വിവേചനത്തിനുമെതിരെ ഇരു രാജ്യങ്ങളും ഇനിയും നിലകൊള്ളുമെന്നും മഹാത്മഗാന്ധിയെയും നെല്‍സണ്‍ മണ്ഡേലയെയും സ്മരിക്കുകയും ആദരമര്‍പ്പിക്കുകയും ചെയ്യേണ്ട അവസരമാണിതെന്നും മോദി പറഞ്ഞു.
വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി, പ്രിട്ടോറിയയില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് രണ്ട് രാഷ്ട്ര തലവന്‍മാരും സംയുക്ത പത്രസമ്മേളനവും നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക സഹകരണം വിപുലപ്പെടുത്തുന്നതിനും പ്രതിരോധം, ഉല്‍പാദനം, ഖനനം തുടങ്ങിയ മേഖലകളില്‍ യോജിച്ചുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനും ഇരു രാജ്യങ്ങളുടെ തലവന്‍മാരും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായി. ശനിയാഴ്ച ഡര്‍ബനും സന്ദര്‍ശിക്കും. തുടര്‍ന്ന് താന്‍സാനിയ, കെനിയ എന്നീ രാജ്യങ്ങളും മോദി സന്ദര്‍ശിക്കും.