സൌമ്യവധക്കേസില്‍ മനസാക്ഷിയെ ഞെട്ടിച്ച വിധി; ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി; ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം ശിക്ഷ മാത്രം

വ്യാഴം, 15 സെപ്‌റ്റംബര്‍ 2016 (10:39 IST)
കേരള മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് സൌമ്യവധക്കേസില്‍ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു. പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ കോടതി റദ്ദാക്കി. ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
 
സൌമ്യ വധക്കേസില്‍ വധശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗോവിന്ദച്ചാമി നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
 
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പ്രോസിക്യൂഷന് പ്രതികൂലമായ നടപടി കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. സൌമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരെ തെളിവ് എവിടെയെന്ന് കഴിഞ്ഞദിവസം കോടതി ചോദിച്ചിരുന്നു. ഊഹാപോഹങ്ങള്‍ കോടതിക്ക് സ്വീകാര്യമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. 
 
സൌമ്യ മാനഭംഗത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ഗോവിന്ദച്ചാമി സൌമ്യയെ മാനഭംഗപ്പെടുത്തി കൊല  ചെയ്തുവെന്ന് ബോധ്യപ്പെടുത്തണമെന്ന് സുപ്രീംകോടതി പ്രോസിക്യൂഷനോട് പറഞ്ഞു. ഇതിനാല്‍ തന്നെ, ഇന്നത്തെ കോടതിവിധി നിര്‍ണായകമായിരുന്നു.

വെബ്ദുനിയ വായിക്കുക