മതനേതാവിൻറെ വെല്ലുവിളി സ്വീകരിച്ച് ബോളിവുഡ് ഗായകൻ സോനു നിഗം തലമൊട്ടയടിച്ചു. ആരാധനാലയങ്ങളിലെ ഉച്ചഭാക്ഷിണികള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ പശ്ചിമ ബംഗാളിലെ മുസ്ലീം മതപണ്ഡിതന്‍ പുറപ്പെടുവിച്ച ഫത്‌വയ്‌ക്ക് മറുപടിയായിട്ടാണ് അദ്ദേഹം മുടി മുറിച്ച് പ്രതികരിച്ചത്.
മുസ്ലീം അല്ലാതിരുന്നിട്ടും ബാങ്ക് വിളി കേട്ട് ഉണരേണ്ടി വരുന്നത് മതവിശ്വാസം അടിച്ചേല്‍പ്പിക്കുന്നതാണെന്നായിരുന്നു സോനുവിന്റെ ട്വീറ്റ്.
ട്വീറ്റ് വിവാദമായതോടെ സോനുവിന്റെ തല മൊട്ടയടിച്ച് കഴുത്തില്‍ ചെരുപ്പ് മാലയണിഞ്ഞ് രാജ്യം മുഴുവന്‍ ചുറ്റിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കുമെന്നായിരുന്നു മൗലവിയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് പത്ത് ലക്ഷം രൂപ തയ്യാറാക്കി വെക്കാന്‍ മൗലവിയോട് ആവശ്യപ്പെട്ട ശേഷം ബോളിവുഡ് ഗായകന്‍ മൊട്ടയടിച്ചത്.
ഉച്ചക്ക് രണ്ട് മണിക്ക് മൊട്ടയടിക്കുമെന്നും മാധ്യമങ്ങളെ ക്ഷണിക്കുന്നതായും സോനു ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. തുടർന്ന് നിശ്സചിത സമയത്ത് തന്നെ സോനു നിഗം തല മൊട്ടയടിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തി. അഭിപ്രായ സ്വാതന്ത്ര്യം തനിക്കുമുണ്ടെന്ന് സോനു നിഗം മാധ്യമങ്ങളോട് വ്യക്തമാക്കി.