സോണിയ ഗാന്ധി തന്നെ ശാസിച്ചെന്ന വാര്‍ത്ത തെറ്റ്: ശശി തരൂർ
ശനി, 25 ജൂലൈ 2015 (12:59 IST)
ചിലർ സ്വന്തം താൽപര്യത്തിനായി ഉണ്ടാക്കിയ വാർത്തയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നെ ശാസിച്ചെന്ന വാർത്തയെന്ന് ശശി തരൂർ എംപി. സംഭവം ചിലരുടെ പ്രചാരണം മാത്രമാണ്. രാഷ്ട്രീയത്തിൽ വന്ന കാലത്ത് ഇത്തരം പ്രചാരണങ്ങൾ വേദനിപ്പിച്ചിരുവെങ്കിലും ഇപ്പോള്‍ അതൊന്നും പ്രശ്‌നമല്ലാതായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മാത്രമല്ല സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും തന്നെ അഭിനന്ദിച്ചു. ഓരോ ഇന്ത്യക്കാരന്റെയും മനസ്സിലുള്ളത് ഒന്നിച്ച് ചുരുക്കിപ്പറഞ്ഞതുകൊണ്ടാവാം പ്രസംഗത്തെ ഇന്ത്യയിലെ ജനങ്ങള്‍ സ്വീകരിച്ചതെന്നും ശശി തരൂർ പറഞ്ഞു.
ശശി തരൂർ കോൺഗ്രസ് പാർലമെന്ററി പാർട്ടി (സിപിപി) യോഗത്തിന്റെ വിശദാംശങ്ങൾ പുറത്തുപറഞ്ഞുവെന്നും അതിനെ തുടര്‍ന്ന് സോണിയ ഗാന്ധി ശാസിച്ചുവെന്നും രൂക്ഷമായ ഭാഷയില്‍ സംസാരിച്ചുവെന്നുമാണ് വാര്‍ത്തകള്‍ പരന്നത്. സംഭവം പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇടപെട്ടാണ് തണുപ്പിച്ചതെന്നും പ്രചാരണം ഉണ്ടായിരുന്നു.