'അച്ഛനെ രക്ഷിക്കണമെന്ന് കേണപേക്ഷിച്ചിട്ടും സഹായിച്ചില്ല' ;സ്മൃതി ഇറാനിക്കെതിരെ പരാതി

തിങ്കള്‍, 7 മാര്‍ച്ച് 2016 (15:48 IST)
മാനവ‌വിഭവ ശേഷി കേന്ദ്രമന്ത്രി സ്മൃതി ഇറാനി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ച സംഭവത്തിൽ മന്ത്രിക്കെതിരെ പരാതി. മന്ത്രിയുടെ കാര്‍ ഇടിച്ച് മരണമടഞ്ഞ ഡോക്ടറുടെ മകളുടെ ആരോപണത്തെത്തുടര്‍ന്ന് മതുര പൊലീസ് സ്റ്റേഷനില്‍ ഡോക്ടറായ അഭിഷേകാണ് പരാതി നല്‍കിയത്. 
 
ദില്ലിയിലെ യമുനാ നഗർ എക്സ്പ്രസ്സ് വേയിൽ ശനിയാഴ്ചയായിരുന്നു അപകടം നടന്നത്. മന്ത്രിയുടെ കാർ ഇടിച്ച് റോഡില്‍ വീണ പിതാവിനെ ആശുപത്രിയിലെത്തിക്കാന്‍ സ്മൃതി ഇറാനി തയ്യാറായില്ലെന്നാണ് പരാതി. രമേഷിനൊപ്പം ഉണ്ടായിരുന്ന മകള്‍ സന്ദിലിയാണ് സ്മൃതി ഇറാനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
 
അപകടം നടന്നപ്പോൾ മന്ത്രി വണ്ടിയിൽ നിന്നും പുറത്തിറങ്ങിയെങ്കിലും സഹായത്തിനു വേണ്ടി 
കരഞ്ഞുകൊണ്ട് ആവശ്യപ്പെട്ടപ്പോൾ മന്ത്രിയോ മന്ത്രിയുടെ കൂടെയുണ്ടായിരുന്നവരോ തയ്യാറായില്ലെന്ന് മകള്‍ ആരോപിച്ചു. പ്രാഥമിക ചികിത്‌സ ലഭിച്ചിരുന്നുവെങ്കിൽ പിതാവിനെ തിരിച്ചുകിട്ടുമായിരുന്നുവെന്നും മകൾ പറഞ്ഞു.
 
എന്നാൽ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചശേഷം മടങ്ങിയെന്നാണ് മന്ത്രി നേരത്തെ ട്വീറ്ററില്‍ രേഖപ്പെടുത്തിയിരുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക