ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്ന ഗ്രാമത്തിലെ ആളുകള്‍ക്ക് 40 ലക്ഷം രൂപ; മുഖ്യമന്ത്രിയുടെ നടപടി വിവാദത്തില്‍

വെള്ളി, 4 നവം‌ബര്‍ 2016 (14:18 IST)
ഭോപ്പാലില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്ന ആചാര്‍പുര ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്റെ നടപടി വിവാദത്തിലേക്ക്. ഗ്രാമനിവാസികള്‍ക്ക് 40 ലക്ഷം രൂപയായിരുന്നു മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചത്. എന്നാല്‍, ഈ ധനസഹായം കൊലപാതകം നേരിട്ടു കണ്ടവരെ സ്വാധീനിക്കാനാണ് എന്നാണ് ആരോപണം.
 
ജയില്‍ ചാടിയെന്ന് ആരോപിച്ച് എട്ട് സിമി പ്രവര്‍ത്തകരെ ഏറ്റുമുട്ടലില്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. എന്നാല്‍, ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇതിനിടയിലാണ് ഏറ്റുമുട്ടല്‍ കൊലപാതകം നടന്ന ഗ്രാമത്തിലെ ഗ്രാമവാസികള്‍ക്ക് 40 ലക്ഷം രൂപയുടെ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍, സര്‍ക്കാരിന്റെ ധനസഹായത്തെ സംശയദൃഷ്‌ടിയോടെയാണ് മിക്കവരും കാണുന്നത്.
 
സിമി പ്രവര്‍ത്തകരുമായി നടന്ന ഏറ്റുമുട്ടലില്‍ പൊലീസിനെ സഹായിച്ച ഗ്രാമവാസികള്‍ക്കായി മധ്യപ്രദേശ് മുഖ്യമന്ത്രി 40 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുന്നുവെന്ന് ആയിരുന്നു സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലുള്ളത്. പണം എല്ലാവര്‍ക്കും തുല്യമായി വീതിച്ചു നല്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക