അമേരിക്കയുടെ കരണത്തടിക്കാനുള്ള അവസരം ഷാരൂഖ് നശിപ്പിച്ചെന്ന് ശിവസേന; സാം‌മ്‌ന എന്താണ് ഉദ്ദേശിക്കുന്നത് ?

Webdunia
ശനി, 13 ഓഗസ്റ്റ് 2016 (13:54 IST)
ബോളിവുഡ് താരം ഷാരൂഖ് ഖാനെ യുസ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ച വിഷയത്തില്‍ താരത്തിന് പിന്തുണയുമായി ശിവസേന. അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ പതിവായി അപമാനിതനാകുന്ന ഷാരൂഖ് വീണ്ടും വീണ്ടും എന്തിനാണ് ആ രാജ്യത്തേക്ക് പോകുന്നത്. അപമാനിതനാകാനാണോ അദ്ദേഹം അങ്ങോട്ട് പോകുന്നതെന്നും മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിൽ ശിവസേന ചോദിക്കുന്നു.

ഓരോ തവണയും തന്നെ അപമാനിക്കുന്ന രാജ്യത്ത് തുടരാൻ താൽപര്യമില്ലെന്നു വ്യക്തമാക്കി ഷാരൂഖ് ഉടന്‍ തന്നെ ഇന്ത്യയിലേക്ക് തിരിച്ചുവരണമായിരുന്നു. അങ്ങനെ ചെയ്‌താല്‍ അതു യുഎസിന്റെ ചെകിട്ടത്ത് അടിക്കുന്നതിനു തുല്യമായിരുന്നു. എല്ലാ മുസ്‍ലിംകളെയും ഭീകരവാദികളായി കാണുന്ന യുഎസിനു അതൊരടിയായിരിക്കുമെന്നും മുഖപത്രം പറയുന്നു.

വെള്ളിയാഴ്‌ചയാണ് യുഎസിലെ ലോസാഞ്ചലസ് വിമാനത്താവളത്തില്‍ സുരക്ഷയുടെ ഭാഗമായി ഷാരൂഖിനെ തടഞ്ഞുവച്ചത്. എമിഗ്രേഷൻ വിഭാഗം ജീവനക്കാരാണ് താരത്തിന്‍റെ യാത്ര തടഞ്ഞത്. സംഭവം ഷാരൂഖ് ഖാൻ ട്വിറ്ററിലൂടെയാണ് ആരാധകരെ അറിയിച്ചത്.

സുരക്ഷയുടെ ഭാഗമായ നടപടികളെ ബഹുമാനിക്കുന്നുണ്ട്. എന്നാൽ, യാത്ര തടസപ്പെടുത്തുന്ന വിധം തടഞ്ഞുവെക്കുന്നതിൽ നിരാശയുണ്ടെന്നും ഷാരൂഖ് ഖാൻ വ്യക്തമാക്കി. ഇതാദ്യമായിട്ടല്ല താരത്തെ യു എസ് വിമാനത്താവളത്തിൽ തടഞ്ഞുവെക്കുന്നത്.
Next Article