എടിഎം സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങള്‍ക്കും സര്‍വീസ് ചാര്‍ജ്; സ്വകാര്യബാങ്കുകളുടെ പാത പിന്തുടര്‍ന്ന് എസ്ബിഐയും

ശനി, 1 ഏപ്രില്‍ 2017 (09:59 IST)
സ്വകാര്യബാങ്കുകൾക്കു പിന്നാലെ ഉപഭോക്താക്കള്‍ക്ക് മുട്ടന്‍ പണിയുമായി എസ്ബിഐ. പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും എടിഎം സേവനങ്ങൾക്കുമുള്ള സർവീസ് ചാർജ് എസ്ബിഐയും വര്‍ധിപ്പിച്ചു.  അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തപക്ഷം 20 രൂപ മുതൽ 100 രൂപവരെ പിഴ ഈടാക്കും. അതോടൊപ്പം 14.5% സേവനനികുതിയും അടക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നുമുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരുക.    
 
എസ്ബിഐ ബാങ്കില്‍ അക്കൌണ്ടുള്ള ഒരാള്‍ എസ്ബിഐ എടിഎമ്മിൽനിന്ന് ഒരുമാസം അഞ്ചുതവണയിൽ കൂടുതൽ പണം പിൻവലിക്കുകയാണെകില്‍ ഈടാക്കുന്ന തുക അഞ്ച് രൂപയില്‍നിന്നു പത്തുരൂപയാക്കി ഉയര്‍ത്തി. അതേസമയം മറ്റു ബാങ്കുകളുടെ എടിഎമ്മിൽ നിന്നാണെങ്കില്‍ 20 രൂപയാണ് ഈടാക്കുക. പണരഹിത ഇടപാടുകള്‍ക്കാവട്ടെ ഇതു യഥാക്രമം അഞ്ചുരൂപയും എട്ടുരൂപയുമായിരിക്കും. മെട്രോ നഗരങ്ങളിലെ ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് 5000 രൂപ ഇല്ലെങ്കിൽ 100 രൂപ വരെ പിഴ ഈടാക്കും.  
 
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിൽ മിനിമം ബാലന്‍സ് 3000രൂപയില്ലെങ്കില്‍ 40 മുതൽ 80 രൂപവരെ പിഴയടക്കേണ്ടിവരും. കരുനാഗപ്പള്ളി, പാല പോലെയുള്ള അർധനഗരങ്ങളിലെ അക്കൗണ്ടിൽ 2000 രൂപ മിനിമം ബാലൻസ് ഇല്ലെങ്കിൽ 25 മുതൽ 50 രൂപവരെയാണ് പിഴ. ഗ്രാമപ്രദേശങ്ങളിൽ 1000 രൂപ മിനിമം ബാലൻസ് ഇല്ലെങ്കിൽ 20 മുതൽ 50 രൂപ വരെയും പിഴയൊടുക്കേണ്ടിവരും.
 

വെബ്ദുനിയ വായിക്കുക