ഒടുവിൽ ആ കാര്യത്തിൽ തീരുമാനമായി; ഓരോരുത്തരായി പടിക്കു പുറത്തേക്ക്, പനീർശെ‌ൽവത്തിന് പകരം ശശികല മുഖ്യമന്ത്രിയാകും?

ഞായര്‍, 5 ഫെബ്രുവരി 2017 (10:50 IST)
തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലേക്ക് ശശികല നടരാജന്‍ എത്തുമെന്ന കാര്യം ഉറപ്പാക്കി അണ്ണാഡിഎംകെ എംഎല്‍എമാരുടെ യോഗം ചെന്നൈയില്‍. നിയമസഭാ കക്ഷിനേതാവായി ശശികലയെ തെരഞ്ഞെടുക്കുമെന്നാണ് സൂചന. 
 
ശശികലയ്ക്ക് വേണ്ടി നിലവിലെ മുഖ്യമന്ത്രിയായ പനീര്‍ശെല്‍വം ഇന്ന് തന്നെ രാജിവെച്ചൊഴിയുമെന്നാണ് പുറത്തുവരുന്ന വിവരം. ഈ മാസം ഏഴിനോ എട്ടിനോ ശശികല സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
 
ജയലളിതയുടെ ഉപദേശകയായിരുന്ന മലയാളി ഐഎഎസ് ഉദ്യോഗസ്ഥ ഷീലാ ബാലകൃഷ്ണൻ അടക്കം തമിഴ്‌നാട് സർക്കാരിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർ വെള്ളിയാഴ്ച രാജിവെച്ചിരുന്നു. ഇത് ശശികലയുടെ സ്ഥാനാരോഹണവുമായാണ് തമിഴ് മാധ്യമങ്ങൾ ബന്ധിപ്പിക്കുന്നത്.
 
മുന്‍മന്ത്രിയായിരുന്ന കെഎ സെങ്കോട്ടിയനെയും മുന്‍ മേയര്‍ സൈദായി എസ്. ദുരൈസ്വാമിയെയും പാര്‍ട്ടി ഓര്‍ഗനൈസേഷന്‍ സെക്രട്ടറിമാരായി വെള്ളിയാഴ്ച ശശികല നിയമിച്ചിരുന്നു. യൂത്ത് വിംഗ് സെക്രട്ടറി സ്ഥാനത്തുനിന്ന് വി. അലക്‌സാണ്ടര്‍ എംഎല്‍എയും അവര്‍ മാറ്റിയിരുന്നു. പാര്‍ട്ടിക്കുള്ളിലെ തന്‍റെ അപ്രമാദിത്യം ഉറപ്പിക്കാനാണ് ശശികല ഈ നീക്കങ്ങള്‍ നടത്തിയതെന്നാണ് വിലയിരുത്തല്‍.
 
അഴിമതി കേസില്‍ ജയലളിത ജയിലിലായിരുന്നപ്പോള്‍ തമിഴ്‌നാടിന്റെ ഭരണചക്രം തിരിച്ച വിശ്വസ്തയായിരുന്നു അന്ന് ചീഫ് സെക്രട്ടറിയായിരുന്ന ഷീല ബാലകൃഷ്ണന്‍. പിന്നീട് ജയലളിത ആശുപത്രിയിലായിരുന്ന സമയത്തും ഭരണം നിയന്ത്രിച്ചതും മന്ത്രിമാര്‍ക്കടക്കം നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും ഷീല ബാലകൃഷ്ണനായിരുന്നു.
 
പാര്‍ട്ടി പ്രഖ്യാപനത്തിന് ഒരുങ്ങുന്ന ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാറാണ് അമ്മയുടെ യഥാര്‍ത്ഥ പിന്‍ഗാമിയെന്നാണ് ആര്‍കെ നഗറുകാരുടെ വാദം.ഇതാവും ശശികല നേരിടുന്ന വലിയ വെല്ലുവിളി.
തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്ന 'ചിന്നമ്മ' ശശികല നടരാജന് തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം ചോദിക്കലും കഴിഞ്ഞ ദിവസമുണ്ടായി. ഇന്നത്തെ എംഎല്‍എമാരുടെ യോഗത്തില്‍ ഈ വിഷയമാണ് ഏറ്റവും വലിയ ചര്‍ച്ചയാവുക.

വെബ്ദുനിയ വായിക്കുക