ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനായി അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വികെ ശശികലയും, എതിർ ചേരിയിലുള്ള കാവൽ മുഖ്യമന്ത്രി ഒ പനീർ സെൽവവും കൂവത്തൂരിലേക്ക്.
തങ്ങളെ പുറത്തുവിടണമെന്ന് ശശികല ക്യാമ്പിലെ ഇരുപതോളം എംഎൽഎമാർ ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ശശികലയും പനീർസെൽവവും കൂവത്തൂരിലേക്ക് യാത്ര തിരിച്ചത്. രണ്ടു നേതാക്കളും എത്തുമെന്ന സൂചന ലഭിച്ചതോടെ റിസോര്‍ട്ടിന് മുന്നില്‍ ഇരു നേതാക്കളുടെയും പ്രവര്‍ത്തര്‍ ഏറ്റുമുട്ടി. പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
അതിനിടെ, ശശികല പക്ഷത്തുനിന്നുള്ള നേതാക്കളുടെ കൊഴിച്ചിൽ ഇന്നും തുടരുകയാണ്. ഒരു രാജ്യസഭാ എംപി ഉൾപ്പെടെ അഞ്ച് എംപിമാർ കൂടി കൂടുമാറി പനീർ സെൽവത്തിനു പിന്തുണ പ്രഖ്യാപിച്ചു. തൂത്തുക്കുടി എംപി ജയസിങ് ത്യാഗരാജ് നട്ടർജി, വേലൂർ എംപി സെങ്കുട്ടുവൻ, പെരുമ്പള്ളൂർ എംപി ആർപി മരുതുരാജ, വില്ലുപുരം എംപി എസ് രാജേന്ദ്രൻ എന്നിവരാണ് ഏറ്റവും ഒടുവിലായി പനീർ സെൽവം ക്യാംപിലെത്തിയ ലോക്സഭാംഗങ്ങൾ. രാജ്യസഭാംഗം ആർ ലക്ഷ്മണനും പനീർ സെൽവത്തിനൊപ്പം ചേർന്നിട്ടുണ്ട്.
ഇതോടെ, പനീർ സെൽവത്തിനു പിന്തുണ പ്രഖ്യാപിച്ച അണ്ണാ ഡിഎംകെയിലെ ലോക്സഭാംഗങ്ങളുടെ എണ്ണം പതിനൊന്നായി. നാമക്കൽ എംപി പി.ആർ. സുന്ദരം, കൃഷ്ണഗിരി എംപി അശോക് കുമാർ, തിരുപ്പൂർ എംപി സത്യഭാമ, തിരുവണ്ണാമലൈ എംപി ആർ.വനറോജ എന്നിവരാണ് പനീർസെൽവത്തിനൊപ്പമുള്ള മറ്റു ലോക്സഭാംഗങ്ങൾ. രാജ്യസഭാംഗങ്ങളായ വി. മൈത്രേയൻ, ശശികല പുഷ്പ എന്നിവരും പനീർ സെൽവത്തിനൊപ്പമാണ്.
ഗവർണറുടെ തീരുമാനത്തിനായി ഇന്നു വൈകുന്നേരം വരെ കാത്തരിക്കുമെന്നും അല്ലാത്തപക്ഷം രാജ്‌ഭവന് മുന്നിലോ മറീനാ ബീച്ചിലെ ജയാ സ്മാരകത്തിലോ തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാർക്കൊപ്പം ശശികല ഉപവാസത്തിന് എത്തിയേക്കുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.