വധശിക്ഷകള്‍ ഭീകരവാദം ഇല്ലാതാക്കില്ല; മേമന്റെ വധശിക്ഷക്കെതിരെ തരൂരിന്റെ ട്വീറ്റ്
1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് അബ്ദുൽ റസാഖ് മേമന്റെ വധശിക്ഷ നടപ്പാക്കിയതിനെതിരെ ശശി തരൂര്‍ എംപി രംഗത്ത്. ‘ഒരു മനുഷ്യനെ നമ്മുടെ സര്‍ക്കാര്‍ തൂക്കിലേറ്റുന്നു എന്നത് അതീവ ദുഃഖകരമായ വാര്‍ത്തയാണ്. ഭരണകൂടം നടപ്പാക്കുന്ന കൊലപാതങ്ങള്‍ നമ്മളെയെല്ലാം കൊലപാതകിയാക്കുകയാണ്. ഭീകരവാദത്തെ എന്ത് വിലകൊടുത്തും നമ്മള്‍ തടയണം. പക്ഷേ ഇത്തരം വധശിക്ഷകള്‍ ഭീകരവാദം ഇല്ലാതാക്കില്ല.’ എന്നായിരുന്നു തരൂരിന്റെ പ്രതികരണം. മറ്റു കോണ്‍ഗ്രസ്സ് അംഗങ്ങള്‍ പരസ്യമായി പ്രതികരിക്കാത്ത സാഹചര്യത്തിലാണ് തരൂരിന്റെ ട്വീറ്റ് എന്നതാണ് പ്രത്യേകത.
മേമന്റെ വധശിക്ഷ നാഗ്പുര്‍ ജയില്‍ രാവിലെ 6.35ന് നടപ്പാക്കുകയായിരുന്നു. മേമന്റെ രണ്ടാമത്തെ ദയാഹർജിയും രാഷ്ട്രപതി തള്ളിയതോടെ മേമനെ ഇന്നു പുലർച്ചെ തൂക്കിലേറ്റുമെന്ന് വാർത്തകൾ വന്നതിനു തൊട്ടുപിന്നാലെയാണ് മേമന്റെ അഭിഭാഷകൻ അർധരാത്രിയോടെ സുപ്രീംകോടതിയെ സമീപിച്ചത്. ആ ഹർജിയും തള്ളിയതോടെ രാവിലെ 6.35ന് നാഗ്പൂർ സെൻട്രൽ ജയിലിലാണ് ശിക്ഷ നടപ്പാക്കുകയായിരുന്നു.