നാലു ഭാര്യമാരും 40 കുട്ടികളും; മുസ്‌ലിം വിഭാഗത്തെ പരിഹസിച്ച് ബിജെപി എംപി സാക്ഷി മഹാരാജ് രംഗത്ത്
വിദ്വേഷ പരാമർശവുമായി ബിജെപി എംപിയും വിവാദനേതാവുമായ സാക്ഷി മഹാരാജ് രംഗത്ത്. രാജ്യത്തെ ജനസംഖ്യാ വർദ്ധനവിന് കാരണം മുസ്ലിംകളാണ്. നാലു ഭാര്യമാരും 40 കുട്ടികളും എന്ന സങ്കൽപ്പത്തെ പിന്തുണയ്‌ക്കുന്നവരാണ് ഈ സാഹചര്യമുണ്ടാക്കുന്നത്. ഏക സിവിൽ കോഡ് സർക്കാർ ഉടൻ നടപ്പാക്കണമെന്നും അദ്ദേഹം ആരോപിച്ചു.
മീററ്റിൽ ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്യവെയായിരുന്നു സാക്ഷി മഹാരാജിന്റെ വിവാദ പ്രസ്താവന. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചിരിക്കെയാണ് മഹാരാജ് വിദ്വേഷ പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് ശ്രദ്ധേയം.
മഹാരാജ് ഇതിനു മുമ്പും മുസ്‌ലിം വിഭാഗത്തിനെതിരെ വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. മുസ്‌ലിം സ്ത്രീകളുടെ അവസ്ഥ ചെരിപ്പിനേക്കാൾ ദയനീയമാണെന്ന പരാമർശവും രണ്ട് കുട്ടികളിൽ കൂടുതലുള്ള ദമ്പതിമാരുടെ വോട്ടവകാശം റദ്ദാക്കണമെന്നും മദ്രസകൾ തീവ്രവാദ കേന്ദ്രങ്ങളാണെന്നുമുള്ള പരാമർശങ്ങളും വിവാദമായിരുന്നു.