സച്ചിന്റെ മുഖം മൂടി അഴിഞ്ഞു വീഴുന്നു ?; സുഹൃത്തിന്റെ അനധികൃത കെട്ടിടം പോളിക്കാതിരിക്കാന്‍ ക്രിക്കറ്റ് ഇതിഹാസം പ്രതിരോധ മന്ത്രിയുടെ സഹായം തേടി - കൂടുതല്‍ റിപ്പോര്‍ട്ട് പുറത്ത്
പ്രതിരോധവകുപ്പിന്റെ അധീനതയിലുള്ള സ്ഥലം കൈയേറി കെട്ടിടം നിര്‍മിച്ച സുഹൃത്തിനായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ സഹായം തേടിയതായി റിപ്പോര്‍ട്ട്. മസൂറിയില്‍ പ്രതിരോധ പ്രതിരോധവകുപ്പിന്റെ അധീനതയിലുള്ള സ്ഥലം സച്ചിന്റെ ബിസിനസ് പങ്കാളികളിലൊരാൾ കൈയേറി റിസോര്‍ട്ട് നിര്‍മിക്കുകയുമായിരുന്നു. ഈ റിസോര്‍ട്ട് പൊളിക്കാതിരിക്കാനാണ് സച്ചിന്‍ പരീക്കറിന്റെ സഹായം തേടിയതെന്നാണ് ഇക്കണോമിക് ടൈംസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്‌തത്.
ഡിഫൻസ് റിസർച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) അധീനതയിലുള്ള 50 അടിയിലധികം സ്ഥലം റിസോർട്ട് നിർമാണത്തിനിടെ കൈയ്യേറിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതിന് പ്രവർത്തനാനുമതി നിഷേധിച്ചത്. ഡിആർഡിഒയ്ക്ക് കീഴിലുള്ള രഹസ്യസ്വഭാവമുള്ള ടെക്നോളജി മാനേജ്മെന്റ് എന്ന സ്ഥാപനത്തിന് സമീപമാണ് റിസോർട്ട് നിർമിച്ചിരിക്കുന്നത്.
ഈ സ്ഥാപനത്തിനു കീഴിലുള്ള 50 അടി സ്ഥലമാണ് കൈയ്യേറിയിരിക്കുന്നത്. നിയന്ത്രിത നിർമാണങ്ങൾക്കുമാത്രം അനുമതിയുള്ള ഈ പ്രദേശത്ത് ടെന്നിസ് കോർട്ട് നിർമിക്കാനാണ് സച്ചിന്റെ ബിസിനസ് പങ്കാളിയായ സഞ്ജയ് നാരംങ് അനുവാദം തേടിയതെന്നും ഇതിന്റെ മറപറ്റി പിന്നീട് വലിയ കെട്ടിടങ്ങളും റിസോര്‍ട്ടുകളും നിര്‍മിക്കുകയായിരുന്നുവെന്നുമാണ് ആരോപണം.
ഈ കെട്ടിടങ്ങള്‍ പൊളിക്കരുതെന്നും സച്ചിന്‍ പരീക്കറോട് ആവശ്യപ്പെടുകയും ചെയ്‌തു. താരത്തിന്റെ പരാതികള്‍ കേട്ടിരുന്ന പരീക്കര്‍ നിയമവിരുദ്ധമായി നിയമിച്ച റിസോര്‍ട്ടാണെന്നതിനാല്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, വാര്‍ത്തയേക്കുറിച്ച് പ്രതികരിക്കാന്‍ സച്ചിനും പരീക്കറും തയാറായിട്ടില്ല. സംഭവത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം നല്‍കാന്‍ പ്രതിരോധ മന്ത്രാലയവും വിസമ്മതിച്ചിട്ടുണ്ട്.