‘ഭാവിയിലെ ഇന്ത്യ’ ഇനി ആര്‍ക്കൊപ്പം ?; ആര്‍എസ്എസ് വേദിയിലേക്ക് രാഹുലിനെയും യെച്ചൂരിയെയും ക്ഷണിച്ചേക്കും

തിങ്കള്‍, 27 ഓഗസ്റ്റ് 2018 (17:10 IST)
രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണമെന്ന് റിപ്പോര്‍ട്ട്.

അടുത്ത മാസം 17നും 19നും ഡല്‍ഹിയിലെ  വിഗ്യാൻ ഭവനിൽ നടക്കുന്ന ‘ഭാവിയിലെ ഇന്ത്യ’ എന്ന പരിപാടിയിലേക്കാണ് രാഹുലിനേയും സിപിഎം സെക്രട്ടറി സിതാറാം യെച്ചൂരിയുമുള്‍പ്പടെയുള്ള പ്രമുഖരെ ക്ഷണിക്കാന്‍ ആര്‍എസ്എസ് നീക്കംനടത്തുന്നത്.

പ്രതിപക്ഷ നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കുന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് സ്വീകരിക്കും. അദ്ദേഹം തന്നെയാണ് പരിപാടിയില്‍ അധ്യക്ഷത വഹിക്കുക.

രാഹുല്‍ അടക്കമുള്ള നേതാക്കളെ ഉള്‍പ്പെടുത്തിയുള്ള സംവാദമാണ് ആര്‍ എസ് എസ് ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങില്‍ പങ്കെടുക്കും.

ലോക്‍സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ആര്‍എസ്എസിനെതിരെ നിരന്തരം രൂക്ഷ വിമര്‍ശം ഉന്നയിക്കുന്ന രാഹുലിനെ സംവാദത്തിലൂടെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കമാകും സംഘപരിവാര്‍  നടത്താനൊരുങ്ങുന്നതെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

അതേസമയം, സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ രാഹുല്‍ അടക്കമുള്ള നേതാക്കള്‍ നിലപാടറിയിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍