അപ്രതീക്ഷിത നോട്ട് പിന്‍വലിക്കലിലൂടെ വ്യക്തമാകുന്നത് മോദിയുടെ ചാണക്യ തന്ത്രമോ ?

മാളവിക ചന്ദനക്കാവ്

വ്യാഴം, 10 നവം‌ബര്‍ 2016 (14:38 IST)
രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവായി. രാഷ്ട്രത്തെ അടിയന്തരമായി അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇത്തരത്തില്‍ കള്ളപ്പണം തടയുന്നതിനും കള്ളനോട്ടിനുമെതിരെ അന്തിമ യുദ്ധപ്രഖ്യാപനം നടത്തിയത്. കോടിക്കണക്കിന് രൂപ നികുതി വെട്ടിച്ച് രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണക്കാരെ പിടികൂടാനുള്ള ശക്തമായ നടപടിയാണിതെന്നാണ് മോദി പറഞ്ഞത്. ‘സര്‍ജിക്കല്‍ ഓപ്പറേഷന്‍’ കള്ളപ്പണത്തിന്റെ കാര്യത്തിലും ഉണ്ടാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണ് ഈ നടപടി. 
 
രാജ്യത്തെ കള്ളപ്പണം പൂര്‍ണമായി ഇല്ലാതാക്കാനായി ജനങ്ങള്‍ കുറച്ചു ദിവസത്തേക്ക് ചെറിയ കഷ്ടതകള്‍ സഹിക്കാന്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. കള്ളപ്പണവും വ്യാജനോട്ടുകളുമാണ് പല ഭീകരവാദികളും ഉപയോഗിക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് വളരെ നല്ല കാര്യമാണ്. അതിര്‍ത്തി കടന്നും വ്യാജ നോട്ടുകള്‍ രാജ്യത്തെത്തുന്നുണ്ട്. ജനങ്ങളില്‍ നിന്നുള്ള സഹകരണമാണ് കള്ളപ്പണത്തിനെതിരെ വിജയം നേടാന്‍ ആവശ്യമെന്നും മോദി പറഞ്ഞു.
 
വിപണിയിലെത്തിയ 2000 രൂപയുടെയും 500 രൂപയുടെയും പുതിയ നോട്ടുകള്‍ അതീവ സുരക്ഷാ കോഡുകള്‍ ഉള്‍പ്പെടുത്തിയാണ് പുറത്തിറക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് പ്രതിവര്‍ഷം 70 കോടിയുടെ കള്ളനോട്ടാണ് പാകിസ്ഥാന്‍ എത്തിച്ചിരുന്നത്.എന്നാല്‍ പാകിസ്ഥാന് ഒരുതരത്തിലും പകര്‍ത്താന്‍ പറ്റാത്തവിധത്തിലുള്ള സുരക്ഷാ മുന്‍കരുതലുകളാണ് പുതിയ നോട്ടിലുള്ളത്. നോട്ടുകളിലെ സുരക്ഷാ മുന്‍കരുതലുകള്‍ ഇന്റലിജന്‍സ് ബ്യൂറോയും റോയും റവന്യൂ ഇന്റലിജന്റ്സും പരിശോധിച്ച്‌ ഉറപ്പുവരുത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
 
കഴിഞ്ഞ ആറുമാസക്കാലത്തോളമായി വന്‍ സുരക്ഷാ മുന്‍കരുതലുകളോടെയാണ് നോട്ടുകള്‍ പുറത്തിറക്കാനായി റോയും ഐബിയും ഡിആര്‍ഐയുമൊക്കെ ശ്രമിച്ചിരുന്നത്.ഇന്ത്യന്‍ കള്ളനോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ പാകിസ്ഥാനിലെ പെഷവാറില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 500, 1000 രൂപയുടെ കള്ളനോട്ടുകള്‍ അവര്‍ വിപണിയിലിറക്കിയെന്ന് അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ക്ക ബോധ്യപ്പെടുകയും ചെയ്തതോടെയാണ് നിലവിലുള്ള കറന്‍സികള്‍ ഒഴിവാക്കുന്നതിന് കേന്ദ്രം നടപടി തുടങ്ങിയത്.
 
ലഷ്കറെ തൊയ്ബ പോലുള്ള ഭീകര സംഘടനകളും അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമുമൊക്കെയാണ് കള്ളനോട്ടുകള്‍ രാജ്യത്ത് എത്തിച്ചിരുന്നത്. ഏതാനും വര്‍ഷം മുമ്പാണ് ഇന്ത്യന്‍ കറന്‍സികള്‍ അതേ മാതൃകയില്‍ അച്ചടിക്കുന്നതിനുള്ള ശേഷി പാക്കിസ്ഥാന്‍ സ്വന്തമാക്കിയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും നിര്‍ദേശം നല്‍കിയിരുന്നു. അതേ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ പെട്ടെന്നുള്ള ഇത്തരമൊരു നീക്കത്തിന് മുതിര്‍ന്നത്.
 
നമ്മുടെ രാജ്യത്ത് ഏകദേശം മൂന്നു ലക്ഷം കോടിയോളം കള്ളപ്പണമുണ്ടെന്നാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പുള്ള കണക്കുകള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വെറും 65000 കോടി മാത്രമാണ് കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള അവസരം മുതലാക്കിയത്. അതായത് ഇനിയും രണ്ടര ലക്ഷം കോടിയോള കള്ളപ്പണം രാജ്യത്തുണ്ടെന്ന് ചുരുക്കം. ഇത്രത്തോളമോ അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതലോ കള്ളനോട്ടുകളും നമ്മുടെ രാജ്യസുരക്ഷക്കും, പുരോഗതിക്കും വലിയ ഭീഷണി ഉയര്‍ത്തി ഇവിടെയുണ്ടാകും. ഇത് രണ്ടും പെട്ടെന്നുള്ള ഒറ്റ നീക്കത്തിലൂടെയാണ് മോദി സര്‍ക്കാര്‍ ഇല്ലാതാക്കിയതെന്നാണ് ഏറ്റവും വലിയ നേട്ടം.

വെബ്ദുനിയ വായിക്കുക