ഹൈദരാബാദില്‍ ലഹള: പൊലീസ് വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു

വ്യാഴം, 15 മെയ് 2014 (09:39 IST)
ഹൈദരാബാദിനടുത്ത് രണ്ട് മതവിഭാഗക്കാര്‍ ചേരിതിരിഞ്ഞ് നടത്തിയ അക്രമത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. പൊലീസ് ഓഫീസറുള്‍പ്പെടെ ഒമ്പതുപേര്‍ക്ക് പരുക്കേറ്റു. 
 
ബുധനാഴ്ച പുലര്‍ച്ചെ നാലോടെ ഹൈദരാബാദ് നഗരത്തിന്റെ പ്രാന്തപ്രദേശമായ കിഷന്‍ബാഗിലെ സിഖ് കോളനിയിലാണ് സംഭവം. ഇവിടെ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. അക്രമം നേരിടാന്‍ ദ്രുതകര്‍മസേനയെ വിന്യസിച്ചിട്ടുണ്ട്. 
 
ഒരു മതവിഭാഗക്കാരുടെ കൊടി കത്തിച്ചെന്ന അഭ്യൂഹം പരന്നതാണ് അക്രമത്തിന് കാരണം. വീടുകള്‍ക്കും കടകള്‍ക്കുംനേരെ കല്ലേറുണ്ടായി. അഞ്ച് വീടുകളും 10 വാഹനങ്ങളും അക്രമികള്‍ കത്തിച്ചു. പൊലീസിനുനേരേ കല്ലും ബോംബുമെറിഞ്ഞു. സൈബരാബാദ് പോലീസ് ജോയന്റ് കമ്മീഷണര്‍ ഗംഗാധരന് കല്ലേറില്‍ പരിക്കേറ്റു. 
 
ആയുധങ്ങളുമായി തെരുവിലിറങ്ങിയ അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ വെടിവെപ്പിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടതെന്ന് സൈബരാബാദ് പോലീസ് കമ്മീഷണര്‍ സിവി ആനന്ദ് പറഞ്ഞു. കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പായതിനാലാണ് വെടിവെക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. അക്രമികളെ കണ്ടാല്‍ വെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് കമ്മീഷണര്‍ അറിയിച്ചു.
 
സംഭവത്തെത്തുടര്‍ന്ന് ഹൈദരാബാദ്, സെക്കന്തരാബാദ് പ്രദേശങ്ങളില്‍ ആശങ്ക നിലനില്‍ക്കുകയാണ്. കടകളും സ്ഥാപനങ്ങളും അടച്ചു. വാഹനങ്ങള്‍ ഓടിയില്ല. ഇവിടെ പോലീസ് സുരക്ഷ ശക്തമാക്കി.

വെബ്ദുനിയ വായിക്കുക