റിപ്പബ്ലിക്ക് ദിനത്തില്‍ ആക്രമണത്തിന് പദ്ധതി; 14 ഐഎസ് ഭീകരര്‍ പിടിയില്‍
ശനി, 23 ജനുവരി 2016 (17:43 IST)
റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണം നടത്താനെത്തിയതെന്ന് സംശയിക്കുന്ന പതിനാല് പേരെ എന്‍ഐഎ പിടികൂടി. ഇവര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായ് (ഐഎസ്) ബന്ധമുണ്ടെന്ന് കരുതുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മഹാരാഷ്ട്ര, ഹൈദരാബാദ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുമാണ് ഇവര്‍ പിടിയിലായത്. പിടിയിലായവരെ വിശദമായ ചോദ്യം ചെയ്യലിനായി എന്‍ഐഎ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി.
രാജ്യത്ത് റിപ്പബ്ലിക്ക് ദിനത്തില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് എന്‍ഐഎ തിരച്ചില്‍ വ്യാപകമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പിടിയിലായത്. തീവ്രവാദ വിരുദ്ധസേനയും പൊലീസും നടത്തിയ സംയുക്ത തിരച്ചിലിനൊടുവിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍നിന്ന് അത്യാധുനിക ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഹരിദ്വാറിലെ കുംഭമേള, ഡല്‍ഹിയിലെ സാകേത്, വസന്ത് കുഞ്ജ്, നോയിഡ എന്നിവിടങ്ങളില്‍ ആക്രമണം നടത്താനായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി എട്ടിന് ഹരിദ്വാറില്‍ ആക്രമണം നടത്തുന്നതിനായിരുന്നു ഇവരുടെ പ്രധാന പദ്ധതി. കൂടാതെ തിരക്കുള്ള നഗരങ്ങളും മാളുകളും ഇവര്‍ ലക്ഷ്യം വെച്ചിരുന്നതായി പൊലീസ് അറിയിച്ചു. റിപ്പബ്ലിക്ക് ദിനം അടുത്തുവരുന്നതിനാല്‍ രാജ്യത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. റിപ്പബ്ളിക് ദിനത്തില്‍ ഐസിന്‍്റെ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.