മുസ്ലീം സ്ത്രീകള്‍ പുറത്ത് പോകാറുള്ളപ്പോള്‍ ധരിക്കാറുള്ള വസ്ത്രമാണ് പര്‍ദ്ദ. ശരീരം മുഴുവനായും മറയ്ക്കുന്ന ഈ വസ്ത്രത്തിനെതിരെ പ്രതിഷേധിച്ചും അനുകൂലിച്ചും ഒരുപാട് ആളുകള്‍ രംഗത്തുണ്ട്. എന്നാല്‍ പര്‍ദ്ദ പീഡനത്തിന് മറയായി ഉപയോഗിച്ച വാര്‍ത്തയാണ് ബംഗളൂരുവില്‍ നിന്ന് വരുന്നത്. ബംഗളൂരുവിലെ ലാല്‍ബാഗിനടുത്താണ് സംഭവം. പര്‍ദയിട്ട് വീട്ടില്‍ അതിക്രമിച്ച് കയറിയ രണ്ട് പുരുഷന്മാര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞയാഴ്ച യുവതിയുടെ വീട്ടുകാര്‍ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു അക്രമികള്‍ വീട്ടിലെത്തിയത്. ഗെയ്റ്റും മുന്‍വശത്തെ വാതിലും അടച്ചിരുന്നു എന്നാല്‍ പിന്‍വശത്തെ വാതില്‍ അടച്ചിരുന്നില്ല. ഈ വഴിയാണ് അക്രമികള്‍ അകത്തെത്തിയത്. പര്‍ദ്ദയിട്ടെത്തിയതിനാല്‍ യുവതിക്ക് ഇവരെ മനസിലായതുമില്ല. മാത്രമല്ല ഇരുവരും സ്ത്രീകളാണെന്ന് ധരിക്കുകയും ചെയ്തു. എന്നാല്‍ ഇരുവരും ചേര്‍ന്ന് യുവതിയെ വായില്‍ തുണി തിരുകിയ ശേഷം ബെഡ്‌റൂമില്‍ കൊണ്ടുപോയി കൈയ്യും കാലും കട്ടിലുമയി ബന്ധിക്കുകയായിരുന്നു.
അപ്പോളാണ് ഇവര്‍ പുരുഷന്മാരാണെന്ന് യുവതിക്ക് മനസിലായത്. എതിര്‍ക്കാന്‍ കഴിയാതിരുന്ന യുവതിയെ ഒരാള്‍ മാത്രമാണ് ബലാത്സംഗത്തിനിരയാക്കിയത്. മറ്റെയാള്‍ ഇയാളെ സഹായിക്കുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച യുവതിയെ ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്തത്രെ. ഉച്ചയ്ക്ക് ശേഷം വീട്ടിലെത്തിയ ഇളയ സഹോദരനാണ് യുവതിയെ അബോധാവസ്ഥയില്‍ മുറിയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയെ ആശുപത്രിയിലാക്കി. അവിടെ നടന്ന വൈദ്യ പരിശോധനയിലാണ് യുവതി പീഡനത്തിരയായതെന്ന് മനസിലായത്.