യോഗാഗുരു രാംദേവിന്റെ വിവാദ മരുന്ന് 'പുത്ര ജീവക്' സംസ്‌ഥാനത്ത് വില്‍ക്കുന്നതിന് മധ്യപ്രദേശ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിന് സഹായിക്കുമെന്ന രീതിയില്‍ രാംദേവ് പുത്രജീവക് എന്ന മരുന്നിലൂടെ തട്ടിപ്പു നടത്തുന്നു എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നതൊടെയാണ് നിരോധനം. ഇനി മരുന്ന് വില്‍ക്കണമെന്നുണ്ടെങ്കില്‍ പേര്‍ മാറ്റിയാല്‍ മാത്രം അനുമതി നല്‍കാമെന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
മരുന്ന് ആണ്‍കുട്ടികള്‍ ഉണ്ടാക്കാന്‍ സഹായിക്കും എന്ന് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതായി ചൂണ്ടിക്കാട്ടി ജെഡിയു എം പി കെ.സി. ത്യാഗി രാജ്യസഭയില്‍ പ്രശ്നമുന്നയിച്ചതോടെയാണ് മരുന്നിനെതിരെ വിവാദം തലപൊക്കിയത്. തുടര്‍ന്ന് രാംദേവിന് എതിരെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.
എന്നാല്‍ ആരോപണങ്ങള്‍ അടിസ്‌ഥാന രഹിതമെന്നാണ് രാംദേവ് പ്രതികരിച്ചത്. തന്റെ മരുന്ന് ആണ്‍കുട്ടി ഉണ്ടാകുന്നതിന് സഹായിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ല. മരുന്നിന്റെ കവറിലോ മറ്റെവിടെയെങ്കിലുമോ ഈ കാര്യം വ്യക്‌തമാക്കുന്നില്ലെന്നും രാംദേവ് വ്യക്‌തമാക്കിയിരുന്നു. മരുന്നിന്റെ പേരു മാറ്റുകയില്ലെന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.