രാജീവ് ഗാന്ധി വധം: തമിഴ്‌നാടിന് പിന്തുണയുമായി കേരളം

വ്യാഴം, 13 ഓഗസ്റ്റ് 2015 (11:00 IST)
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനത്തിന് കേരളത്തിന്റെ പിന്തുണ. രാഷ്ട്രപതിയും സുപ്രീംകോടതിയും ശിക്ഷ ശരിവെച്ചാലും സംസ്ഥാനത്തിന് സ്വതന്ത്ര തീരുമാനമെടുക്കാമെന്നും അതിനാല്‍ പ്രതികളെ വിട്ടയക്കണമോയെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നും കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്തിന്‍െറ നിയമപരമായ അധികാരത്തില്‍ കോടതികള്‍ക്ക് ഇടപെടാനാകില്ല. പ്രതികളെ വിട്ടയക്കണമോയെന്ന് തമിഴ്‌നാടിന് തീരുമാനിക്കാമെന്നും കേരളം സുപ്രീംകോടതിയെ കേരളം രേഖാമൂലം അറിയിച്ചു. തമിഴ്‌നാടിന്റെ തീരുമാനത്തിന് പിന്തുണയായിട്ടാണ് കേരളം നയം വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തിന്‍െറ അധികാരം ഉപയോഗിച്ച് പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് തീരുമാനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയിരുന്നു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീംകോടതി വധശിക്ഷ ഇളവുചെയ്ത മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ അടക്കം ഏഴു പ്രതികളെ വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. മുമ്പ് വധശിക്ഷ ഇളവു ചെയ്യപ്പെട്ട നളിനി, ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ജയകുമാര്‍, രവി ചന്ദ്രന്‍, റോബര്‍ട്ട് പയസ് എന്നിവരാണ് തമിഴ്നാട് മോചിപ്പിക്കാന്‍ തീരുമാനിച്ച മറ്റു പ്രതികള്‍.

വെബ്ദുനിയ വായിക്കുക