റെയില്‍വേയില്‍ ഇന്ത്യ- ചൈന ഭായി ഭായി!

തിങ്കള്‍, 21 ജൂലൈ 2014 (12:03 IST)
ബുള്ളറ്റ് ട്രെയിന്‍ നയതന്തവുമായി ഇന്ത്യയും ചൈനയും കൈകോര്‍ക്കുന്നു. മണിക്കൂറില്‍ 200 കിലോമീറ്ററിലധികം വേഗത്തില്‍ പായുന്ന ട്രെയിനുകള്‍ നിര്‍മ്മിക്കാന്‍ ചൈന ഇന്ത്യയുമായി സഹകരിക്കാനൊരുങ്ങുന്നതായാണ് സൂചന.
 
റെയില്‍വേയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ചൈനീസ് നാഷണല്‍ റെയില്‍വേ അഡ്‌മിനിസ്‌ട്രേഷന്‍ അറിയിച്ചിരുന്നു. 
 
ചൈനീസ് നാഷണല്‍ റെയില്‍വേ അഡ്‌മിനിസ്‌ട്രേഷന്‍ വിഭാഗത്തിലേ 22 അംഗ സംഘം മുംബൈ സന്ദര്‍ശിച്ച വിവിധ വികസന പദ്ധതികള്‍ സംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വേ അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. ചൈന ആവിഷ്‌കരിച്ച ബുള്ളറ്റ് ട്രെയിന്‍ പദ്ധതികള്‍ ഇന്ത്യയ്‌ക്കും നടപ്പാക്കാനാകുമെന്ന് സംഘം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. 
 
നിലവിലെ ട്രാക്കിലൂടെ തന്നെ ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കുക, ട്രെയിന്‍ അറ്റകുറ്റപ്പണികള്‍ക്ക് ആധുനിക സൗകര്യം ആവിഷ്‌കരിക്കുക, റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നി പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ചൈനീസ് സഹായം ലഭ്യമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. 
 
ഈവര്‍ഷം സെപ്‌തംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ചൈനീസ് പ്രസിഡന്റ്  സി ജിന്‍പിംഗിന്റെ സാന്നിദ്ധ്യത്തില്‍ ഇതു സംബന്ധിച്ച കരാറില്‍  ഇന്ത്യന്‍ റെയില്‍വേയും ചൈനീസ് റെയില്‍വേ അധികൃതരും ഒപ്പിടുമെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക