ഐകകണ്ഠേന രാഹുലിനായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി; നേതൃത്വം ഏറ്റെടുത്തേക്കും

തിങ്കള്‍, 7 നവം‌ബര്‍ 2016 (19:34 IST)
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഐകകണ്ഠേന ആവശ്യപ്പെട്ടു. പ്രവർത്തകസമിതി അംഗങ്ങൾ ഒന്നടങ്കം ഈ ആവശ്യം ഉന്നയിക്കുന്നത് ഇതാദ്യമായാണ്.

പാർട്ടി നിർദേശിക്കുന്ന ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ തയാറാണെന്ന് രാഹുലും വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അഭാവത്തില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയിലാണ് ആവശ്യമുയര്‍ന്നത്.

രാഹുല്‍ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പ്രമേയം അവതരിപ്പിച്ചത്.

ഉപാധ്യക്ഷന് അധ്യക്ഷനാകാൻ സംഘടനാ തെരഞ്ഞെടുപ്പിന്റെ ആവശ്യമില്ല. കോൺഗ്രസ് പ്രവർത്തകസമിതിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. രാജ്യത്തെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ആവശ്യമാണിത്. അന്തിമ തീരുമാനം സോണിയ ഗാന്ധി കൈക്കൊള്ളുമെന്നും ആന്റണി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മുമ്പും പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഇതിന് സമ്മതിച്ചിരുന്നില്ല. അതേസമയം, ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അടുത്തതിനാൽ എഐസിസി പുനഃസംഘടന ഒരു വർഷത്തേക്കു കൂടി നീട്ടിവച്ചു. അനാരോഗ്യം ചൂണ്ടിക്കാട്ടി സോണിയ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക