ആശുപത്രിയിലെ രണ്ടാം നിലയിലേക്ക് പ്രവേശനമുള്ളത് ഇവര്‍ക്ക് മാത്രം; രാഹുല്‍ ഗാന്ധി ജയലളിതയെ കണ്ടിട്ടില്ല!

വെള്ളി, 7 ഒക്‌ടോബര്‍ 2016 (19:48 IST)
അസുഖബാധിതയായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കാണാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തിയെങ്കിലും അദ്ദേഹം ഗുരുതരാവസ്ഥയിലുള്ള ജയലളിതയെ കണ്ടിരിക്കാന്‍ സാധ്യതയില്ലെന്ന് സൂചന.

വെള്ളിയാഴ്‌ച രാവിലെ ആയിരുന്നു രാഹുല്‍ ഗാന്ധി ജയലളിതയെ സന്ദര്‍ശിക്കാനായി അപ്രതീക്ഷിതമായി എത്തിയത്. സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഇന്നോവ കാറില്‍ ആശുപത്രിയില്‍ എത്തിയ രാഹുല്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കി വാഹനത്തില്‍ തന്നെ ആശുപത്രിക്ക് ഉള്ളിലേക്ക് പോകുകയായിരുന്നു.

എന്നാല്‍ ആശുപത്രിയിലെ രണ്ടാം നിലയിൽ കഴിയുന്ന ജയലളിതയുടെ അടുത്തേക്ക് ആരെയും കടത്തിവിടുന്നില്ല. പാര്‍ട്ടി നേതാക്കള്‍ക്കു പോലും ഇവിടേക്ക് പ്രവേശിപ്പിക്കുന്നില്ല. ഈ കാരണത്താലാണ് രാഹുല്‍ ജയലളിതയെ കണ്ടിരിക്കാന്‍ സാധ്യത ഇല്ലെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ജയലളിതയെ പരിശോധിക്കുന്ന പ്രത്യേക ഡോക്‍ടര്‍മാരുടെ സംഘവുമായി രാഹുല്‍ കൂടിക്കാഴ്‌ച നടത്തിയിരിക്കാനാണ് സാധ്യതയെന്നാണ് ചെന്നൈയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ രണ്ടാമനെന്ന് അറിയപ്പെടുന്ന പനീർ സെൽവത്തിനേ തോഴി ശശികലയ്‌ക്കോ പോലും ആശുപത്രിയിലെ രണ്ടാം നിലയില്‍ പ്രവേശനമില്ല.

ജയലളിതയുടെ പ്രത്യേക ഉപദേഷ്ടാവായ ഷീല ബാലകൃഷ്‌ണനും ചീഫ് സെക്രട്ടറി രാമമോഹനറാവുവിനും മാത്രമാണ് ജയലളിതയുടെ മുറിയുള്ള രണ്ടാം നിലയിലേക്ക് പ്രവേശനമുള്ളൂ. ഈ കാരണങ്ങളാല്‍ രാഹുല്‍ പ്രത്യേക ഡോക്‍ടര്‍മാരില്‍ നിന്നാകും വിവരങ്ങള്‍ അറിഞ്ഞതെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക