മോഡി സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി
ചൊവ്വ, 24 നവംബര്‍ 2015 (14:32 IST)
രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്നു പറഞ്ഞ ആമിർ ഖാനെ പിന്തുണച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ആമിറിന്റെ പ്രസ്താവന രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയതായുള്ള കേന്ദ്രമന്ത്രി കിരൺ റിജ്ജുവിന്റെ ആരോപണത്തിനു പിന്നാലെയാണ് ആമിറിനെ പിന്തുണച്ച് രാഹുൽ രംഗത്തെത്തിയത്.
സർക്കാരിനെയും മോഡിജിയെയും ചോദ്യം ചെയ്യുന്നവരെയെല്ലാം രാജ്യദ്രോഹിയായും ദേശവിരുദ്ധരായും ചിത്രീകരിക്കാനാണ് ശ്രമം. ഇങ്ങനെ ചെയ്യുന്നതിനുപകരം ജനങ്ങളെ അസ്വസ്ഥരാക്കുന്നതെന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കണം. ഇതിലൂടെ ഇന്ത്യയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. മറിച്ച് ഭീഷണിപ്പെടുത്തിയോ കുറ്റപ്പെടുത്തിയോ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും രാഹുൽ തന്റെ ട്വിറ്റർ പേജിലൂടെ വ്യക്തമാക്കി.
സമൂഹത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അതിനെ ഒരുമിച്ച് ചേർന്ന് പരിഹരിക്കുകയാണ് വേണ്ടത്. അല്ലാതെ രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന തരത്തിലുള്ള പ്രസ്താവനകൾ ഇന്ത്യയുടെ പ്രതിച്ഛായയെ തകർക്കുമെന്നും കിരൺ റിജ്ജു പറഞ്ഞിരുന്നു. മാത്രമല്ല എൻഡിഎ സർക്കാർ അധികാരത്തിലേറിയതു മുതൽ വർഗീയ കലാപങ്ങൾ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആമിറിനെ പിന്തുണച്ച് കോൺഗ്രസ് നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. ലോകമാകെയുള്ള ജനങ്ങളും ഇന്ത്യയിലെ ജനങ്ങളും പറയുന്ന കാര്യമാണ് മുതിർന്ന ബിജെപി നേതാക്കളുടെ മുൻപാകെ ആമിറും പറഞ്ഞതെന്ന് പാർട്ടി വക്താവ് അഭിഷേക് സിങ്‍വി പറഞ്ഞു.