മത്സരത്തിനൊരുങ്ങി പ്രിയങ്ക ഗാന്ധിയും? രാഹുൽ അമേഠ്യ വിട്ടു കൊടുക്കുമോ? - സസ്പെൻസ് നിർത്തി കോൺഗ്രസ്
വ്യാഴം, 28 മാര്‍ച്ച് 2019 (08:16 IST)
ഇത്തവണത്തെ ലോക്സ്‌ഭാ തെരഞ്ഞെടുപ്പ് വ്യത്യസ്തമാണ്. സസ്പെൻസുകൾ നിലനിർത്തിയാണ് കോൺഗ്രസ് തുടക്കം മുതൽ പ്രവർത്തിക്കുന്നത്. സ്ഥാനാർത്ഥി പട്ടികയുടെ കാര്യത്തിലും ഈ സസ്പെൻസ് ഉണ്ട്. ദേശീയതലത്തിൽ തുടങ്ങിയ ആ സസ്പെൻസ് ഇങ്ങ് വയനാട്ടിലും വടകരയിലും വരെയുണ്ട്.
ഇപ്പോഴിതാ, പ്രവർത്തകരെ ആവേശത്തിലാഴ്ത്തുന്ന പ്രഖ്യാപനമാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയിരിക്കുന്നത്. പാര്‍ട്ടി പറഞ്ഞാല്‍ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് പ്രിയങ്ക.
കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയാണെന്നും പ്രിയങ്ക വ്യക്തമാക്കി. യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഇതാദ്യമായിട്ടാണ് മത്സരിക്കുന്നതിന് സന്നദ്ധത അറിയിച്ചിരിക്കുന്നത്.
പ്രിയങ്ക യുപിയില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളിലോ നിന്ന് ജനവിധി തേടുമോയെന്ന ചോദ്യവും ഇതിനകം കോണ്‍ഗ്രസില്‍ ശക്തമായിട്ടുണ്ട്. തന്റെ സ്ഥിരം മണ്ഡലമായ അമേഠ്യ പ്രിയങ്കയ്ക്കായി രാഹുൽ വിട്ടുകൊടുക്കുമോയെന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ സസ്‌പെന്‍സ് തുടരുകയാണ്.
അതേസമയം ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കാന്‍ വരില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ് പറഞ്ഞു. മണ്ഡലത്തില്‍ താന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നും ഇന്ന് വയനാട് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞത്.