സംഘർഷം തുടര്‍ന്നുകൊണ്ടിരിക്കുന്ന ജമ്മു കശ്മീരിന് വിശ്വാസവും വികസനവുമാണ് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർവകക്ഷി സംഘം കശ്മീർ സന്ദർശനം നടത്താനിരിക്കെയാണു മോദിയുടെ പരാമർശം. നമ്മളെല്ലാവരും ഒത്തൊരുമിച്ച് ഐക്യത്തോടെയും സമാധാനത്തോടെയും മുമ്പോട്ടു പോയാൽ കശ്മീരിനെ സ്വർഗമായി നിലനിർത്താൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിസ്ബുൽ മുജാഹിദ്ദീൻ കമാൻഡറായ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടർന്നാണു കശ്മീരിൽ സംഘർഷം ഉടലെടുത്തത്. സൈനിക നടപടിക്കിടെയായിരുന്നു വാനി കൊല്ലപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മില്‍ നടന്ന സംഘര്‍ഷങ്ങളില്‍ എഴുപതോളം പേർ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നാണ് സമാധാന ചർച്ചകൾക്കായി മേഖലയിലേക്കു സർവകക്ഷി സംഘത്തെ അയയ്ക്കാൻ കേന്ദ്രം തീരുമാനിച്ചത്.