ഏത്തപ്പഴം കട്ട് തിന്നതിന്റെ പേരില്‍ പൊലീസുകാര്‍ തമ്മിലടിച്ചു; രണ്ടു പേര്‍ ആശുപത്രിയില്‍
വെള്ളി, 11 മാര്‍ച്ച് 2016 (15:11 IST)
ഏത്തപ്പഴത്തിന്റെ പേരില്‍ പൊലീസുകാര്‍ തമ്മില്‍ സംഘര്‍ഷം. സബ് ഇന്‍സ്പെക്‌ടര്‍ക്കും ഡ്രൈവര്‍ക്കുമാണ് പരുക്കേറ്റത്. മൂക്കിന് പരുക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ ശ്രീരംഗത്താണ് സംഭവം. അടിപിടിയുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
നൈറ്റ് പട്രോളിംഗിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വാങ്ങിവെച്ച ഏത്തപ്പഴം കൂടെയുണ്ടായിരുന്നയാള്‍ കഴിച്ചതാണ് അടിപിടിയിലേക്ക് വഴിവെച്ചത്. പഴം കഴിച്ചതിനെ തുടര്‍ന്ന് വാക്കുതര്‍ക്കം രൂക്ഷമാകുകയും തുടര്‍ന്ന് സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. സിനിമാ സ്‌റ്റൈലില്‍ ഏറ്റുമുട്ടിയ പൊലീസുകാരെ ആളുകള്‍ എത്തിയാണ് പിടിച്ചു മാറ്റിയത്. ഇരുവരുടെയും മൂക്കിന് ഗുരുതരമായി പരുക്കേറ്റു. മുഖത്ത് നിന്നും മൂക്കില്‍ നിന്നും രക്‍തമൊഴുകിയ അവസ്ഥയിലായിരുന്നതിനാല്‍ രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്പെഷല്‍ സബ് ഇന്‍സ്പെക്ടര്‍ രാധ, ഡ്രൈവര്‍ ശരവണന്‍ എന്നിവരെയാണ് ഏറ്റുമുട്ടിയത്.
ഇരുവരും തമ്മില്‍ നേരത്തേമുതല്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും നൈറ്റ് പട്രോളിംഗിനിടെ തമ്മില്‍ തര്‍ക്കിക്കുകയും ചീത്ത വിളിക്കുകയും ചെയ്‌തുവെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവം വിവാദമായതോടെ ഇരുവര്‍ക്കുമെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു.