ഇന്ത്യ-ചൈന ഉഭയകക്ഷി ചര്‍ച്ച ഇന്ന്. ഇന്ത്യയില്‍ ചൈനീസ് കമ്പനികള്‍ അറുപതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകളില്‍ ധാരണയാകും. അതിര്‍ത്തിപ്രശ്നവും ചര്‍ച്ചാവിഷയമാകും. അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുണ്ട്. മൂന്നു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി എത്തിയ ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗുമായാണ് ചര്‍ച്ച നടക്കുന്നത്.
അരുണാചല്‍പ്രദേശുകാര്‍ക്ക് പ്രത്യേക വിസ നല്‍കുന്നത് ചൈന അവസാനിപ്പിക്കാത്തതിനാല്‍ വിസ ഉദാരണവല്‍ക്കരണ കരാറില്‍ഒപ്പിടാനാകില്ലെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. അരുണാചലുകാര്‍ക്ക് പ്രത്യേക വിസ നല്‍കുന്ന പ്രശ്നത്തിനു പുറമേ ലഡാക്കില്‍ ചൈനീസ് പട്ടാളം നടത്തുന്ന അതിര്‍ത്തി ലംഘനവും ചര്‍ച്ചയാകും. വൈകിട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും സീ ജിന്‍പിംഗ് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര വാണിജ്യ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗിന്റെയും നേതൃത്വത്തിലുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ ഊന്നല്‍. ഇന്ത്യയില്‍അറുപതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള താല്‍പര്യം ചൈന വ്യക്തമാക്കി കഴിഞ്ഞു. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമുണ്ടാകും.