മൂന്നുവര്‍ഷമായി പാകിസ്ഥാന്‍ തുടര്‍ച്ചയായി ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തുന്നതായി വെളിപ്പെടുത്തല്‍

ചൊവ്വ, 3 നവം‌ബര്‍ 2015 (13:21 IST)
പാക് ചാരസംഘടന ഇന്ത്യൻ സൈനികരുടെ മൊബൈൽ ഫോണുകൾ ചോർത്തുന്നതായി വെളിപ്പെടുത്തൽ. ഗ്രൌണ്ട് സീറോ കണ്‍സോര്‍ഷ്യമാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. എന്നാൽ ഫോൺ കോളുകൾ ഹാക്ക് ചെയ്യുന്നുവെന്ന വാർത്ത ഇൻഫർമേഷൻ ആൻഡ് ടെക്നോളജി വിഭാഗം നിഷേധിച്ചു.

വാർത്തകൾ അറിയുന്നതിനായി ഡൗൺലോഡ് ചെയ്തിട്ടുള്ള ചില ആപ്ലിക്കേഷനുകള്‍ വഴിയാണ് സൈനികരുടെ വിവരങ്ങള്‍ പാക് ചാരസംഘടന ചോര്‍ത്തുന്നതെന്നാണ് ഗ്രൗണ്ട് സീറോ ഉച്ചകോടിയുടെ വെബ്സൈറ്റിൽ പറയുന്നു. ഇക്കാര്യം  ഇന്ത്യൻ ഇൻഫൊസെക് കൺസോർഷ്യം (ഐഐസി) വഴിയാണ് ഗ്രൗണ്ട് സീറോ ഉച്ചകോടി അറിഞ്ഞത്.

പ്രതിരോധ വാർത്തകളുടെ വ്യാജ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും സൈനികരുടെ ഫോണ്‍കോളുകളും എസ്എംഎസ്സും ചോർത്തുന്നതായി ഇന്ത്യൻ സൈബർ സുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു. പാകിസ്ഥാനിലെ ചാരസംഘടനകളാണ് ഇതിനു പിന്നിലെന്ന്  അറിയിച്ചിരുന്നതായും കഴിഞ്ഞ മൂന്നു വർഷത്തോളമായി പാകിസ്ഥാൻ ഇന്ത്യൻ സൈനിക വിവരങ്ങൾ ചോർത്തുന്നതു തുടരുകയാണെന്നും ഐഐസി സിഇഒ ജിതൻ ജെയിൻ പറഞ്ഞു.

ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഗ്രൗണ്ട് സീറോ ഉച്ചകോടിയിൽ സമർപ്പിക്കുമെന്ന് ജെയിൻ പറഞ്ഞു. വ്യാഴാഴ്ചയാണ് ഉച്ചകോടി നടക്കുന്നത്. പാക് സംഘടനയുടെ വ്യാജ ആപ്ലിക്കേഷനുകളിൽ നിന്നുള്ള മാൽവെയറുകളും വൈറസുകളും ആയിരത്തിലധികം മൊബൈൽ ഫോണുകളിൽ കടന്നുകൂടിയിട്ടുണ്ട്. ആറു മാസങ്ങൾക്കു മുൻപു തന്നെ വിശദവിവരങ്ങൾ സുരക്ഷ ഏജൻസികൾക്കു കൈമാറിയിരുന്നുവെന്നും ജെയിൻ പറഞ്ഞു.

വ്യാജ ആപ്ലിക്കേഷനിൽ കൂടി ഫോണിൽ പ്രവേശിച്ച മാൽവെയറുകൾ വഴി സൈനികർ അറിയാതെ എല്ലാ വിവരങ്ങളും ഹാക്ക് ചെയ്യാൻ പാക്ക് സംഘടനകൾക്കു സാധിക്കും. ഫോൺ കോളുകൾ, എസ്എംഎസ് തുടങ്ങിയവയ്ക്കു പുറമെ മറ്റൊരിടത്തിരുന്ന് ക്യാമറകളുടെ പ്രവർത്തനവും വിഡിയോകളും നിയന്ത്രിക്കുന്നതിനും സാധിക്കും.

വെബ്ദുനിയ വായിക്കുക