പെട്രോള്‍, ഡീസല്‍ വില കുറയാന്‍ കളമൊരുങ്ങുന്നു
ആഭ്യന്തര വിപണിയില്‍ പെട്രോളിനും ഡീസലിനും വില കുറയാന്‍ സാധ്യത. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 45 ഡോളറിലെത്തിയതിനെ തുടര്‍ന്നാണ് പെട്രോള്‍ ഡീസല്‍ വില കുറയാന്‍ കാരണമാകുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞ സാഹചര്യത്തില്‍ ഈ ആഴ്ച അവസാനമോ അല്ലെങ്കില്‍ ഡല്‍ഹി തെരഞ്ഞെടുപ്പിന് മുമ്പോ പെട്രോള്‍ ഡീസല്‍ വില കുറയാനാണ് സാധ്യത. മുപ്പത് മുതല്‍ നാല്‍പ്പത് ദിവസം വരെ മുന്‍കൂറായാണ് എണ്ണകമ്പനികള്‍ എണ്ണ വാങ്ങുന്നത്. അതിനാലാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലകുറയുന്നതിന്റെ ഫലം പെട്ടെന്ന് ജനങ്ങളില്‍ എത്തിക്കാന്‍ കഴിയാത്തതെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.
ജനവരി ഒന്നിനാണ് അവസാനമായി പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ രണ്ടു രൂപ വര്‍ധിപ്പിച്ചത്. 2014 നവംബറിനുശേഷം മൂന്നാംതവണയാണ് തീരുവ വര്‍ധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലകുറയുന്നതിന്റെ ആനുകൂല്യം ലഭിക്കുന്നത് സര്‍ക്കാരിനാണ്.