അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്, ഇന്ത്യയുടെ തിരിച്ചടിയില്‍ അഞ്ച് പാക് ഭടന്മാര്‍ കൊല്ലപ്പെട്ടു

ശനി, 3 ജനുവരി 2015 (08:09 IST)
ജമ്മുകാശ്മീരിലെ ഇന്ത്യാ-പാക് നിയന്ത്രണ രേഖയില്‍ വീണ്ടും വെടിവയ്പ്പ്. സാംബാ,​ ഹിരാനഗര്‍ സെക്ടറുകളിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്.വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിനു നേരെ ഇന്ത്യ തിരിച്ചടിച്ചതില്‍ അഞ്ച് പാക് റേഞ്ചര്‍മാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

അകാരണമായി പാക്കിസ്ഥാന്‍  വെടിയുതിര്‍ത്തതോടെ ഇന്ത്യ പ്രത്യാക്രമണം നടത്തുകയായിരുന്നു. വെടിവയ്പിനൊപ്പം പാക്കിസ്ഥാന്‍  മോര്‍ട്ടാറുകളും ഷെല്ലുകളും പ്രയോഗിക്കുകയും ചെയ്തു. വെടിവയ്പിനിടെ ചൊഗ്രാലി അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച തീവ്രവാദികളെയും സൈന്യം തുരത്തി.
 
കഴിഞ്ഞ ഒന്പതു ദിവസത്തിനിടെ ഇത് എട്ടാം തവണയാണ് പാക്കിസ്ഥാന്‍  വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. അതിര്‍ത്തിയില്‍ താമസിക്കുന്നവരോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കി. രൂക്ഷമായ വെടിവയ്പ് നടക്കുന്ന മേഖലകളഇലെ ഗ്രാമീണരെ മാറ്റിപ്പാര്‍പ്പിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ ആംബുലന്‍സുകളും ക്യാന്പുകളും ഒരുക്കിയിട്ടുണ്ട്.
 
രണ്ടു ദിവസമായി പാക്കിസ്ഥാന്‍  തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. കഴിഞ്ഞ ദിവസം പാക് റേഞ്ചേര്‍സ് നടത്തിയ ആക്രമണത്തില്‍ ഒരു ബി‌എസ്‌എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യ ശക്ത്ക്കമായി തിരിച്ചടിച്ചതിനേ തുടര്‍ന്ന് നാല് പാക് റേഞ്ചേര്‍സിലെ ജവാന്‍മര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷവും പാക്കിസ്ഥാന്‍ വെടിനിര്‍ത്ഥല്‍ കരാ‍ര്‍ ലംഘിക്കുകയാണ്.
 
അതിര്‍ത്തിയിലെ പ്രകോപനത്തിന് ഉചിതമായ രീതിയില്‍ പ്രതികരിക്കാനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഇതേ തുടര്‍ന്ന് സൈന്യം നിതാന്ത ജാഗ്രതയിലാണ്. ഒരോ പ്രകോപനങ്ങള്‍ക്കും ഇന്ത്യ തിരിച്ചടി ശക്തമാക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ് ദിവസം ഗുജറാത്ത് തീരത്തോടടുത്ത് പാക്കിസ്ഥാന്റെ ഭീകരാക്രമണ്ശ്രമം ഇന്ത്യ പരാജയപ്പെടുത്തിയതിനാല്‍ അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക