വ്യോമാതിർത്തി കടന്ന് ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ച് പാകിസ്ഥാന്റെ ആളില്ലാ പോർ വിമാനം, ഇന്ത്യൻ വ്യോമ സേനാ ജെറ്റുകൾ പാക് ഡ്രോൺ തകർത്തു

തിങ്കള്‍, 4 മാര്‍ച്ച് 2019 (19:35 IST)
ഡൽഹി: ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച ആക്രമണം നടത്താൻ വീണ്ടും പാകിസ്ഥാന്റെ ശ്രമം. ഇന്ന് രാവിലെ11.30ഓടെയായിരുന്നു   രാജസ്ഥാനിലെ ബിക്കാനീറിന് സമീപത്ത് ഡ്രോണുകളുടെ സഹായത്തോടെ വ്യോമാതിർത്തി ലംഘിച്ച് ആക്രമണം നടത്താൻ പാകിസ്ഥാൻ മുതിർന്നത്. 
 
ഇന്ത്യൻ പോർ വിമാനങ്ങൾ മിസൈലുകൾ ഉപയോഗിച്ച് നേരിട്ടതോടെ പാക് ആളില്ലാ പോർ വിമാനങ്ങൾ തകർന്ന് വീഴുകയായിരുന്നു എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. സുഖോയ് വിമാനങ്ങൾ ഉപയോഗിച്ചാണ് പാക് ഡ്രോൺ ആക്രമണത്തെ ഇന്ത്യൻ വ്യോമ സേന പ്രതിരോധിച്ചത്.  ഇന്ത്യൻ വ്യോമ സേന തകർത്ത പാകിസ്ഥാൻ ഡ്രോണിന്റെ അവശിഷ്ടങ്ങൾ പാകിസ്ഥാനിലെ ഫോർട്ട് അബ്ബാസ് എന്ന സ്ഥലത്ത് പതിച്ചതായാണ് റിപ്പോർട്ട്. 
 
സമാധാനത്തിനാണ് മുൻ‌ഗണന നൽകുന്നത് എന്ന് പാകിസ്ഥാൻ പ്രസിഡന്റ് വ്യക്തമാക്കുമ്പോൾ തന്നെയാണ് പാക്  സൈന്യം ഇന്ത്യക്കെതിരെ സൈനിക നീക്കം നടത്തുന്നത്. തീവ്രവാദികൾക്കെതിരെ നിലപാട് സ്വീകരിക്കുന്നതു വരെ പാകിസ്ഥാനുമായി ഒരു തരത്തിലുള്ള ചർച്ചക്കും തയ്യാറല്ല എന്ന് ഇന്ത്യ നിലപാട് സ്വീകരിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍