ഇന്ത്യയാണ് ഉറി ഭീകരാക്രമണം ആസൂത്രണം ചെയ്തത്; ആരോപണവുമായി പാക്കിസ്ഥാൻ

ചൊവ്വ, 27 സെപ്‌റ്റംബര്‍ 2016 (12:30 IST)
ഇന്ത്യയാണ് ഉറി ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്ന് പാകിസ്ഥാന്‍. ആക്രമണമുണ്ടായതിനു പിന്നാലെ പാക്കിസ്ഥാനെ കടന്നാക്രമിച്ച് അവർ രംഗത്തെത്തിയത് ഗൂഢതന്ത്രം വ്യക്തമാക്കുന്നതാണെന്ന് പാക്കിസ്ഥാൻ യുഎന്നിൽ വ്യക്തമാക്കി.  
 
ജമ്മു കശ്മീരിലെ മനുഷ്യാവകാശ പ്രശ്നങ്ങളിൽനിന്നുള്ള ശ്രദ്ധതിരിക്കുന്നതിനുള്ള ശ്രമമായിരുന്നു ഇത്. പ്രത്യേക ഉദേശ്യത്തോടെ ഇന്ത്യ നടത്തിവരുന്ന ഇത്തരം ശ്രമങ്ങളെപ്പറ്റി രാജ്യാന്തര സമൂഹത്തിന് അറിവുള്ളതാണ്. കശ്മീരില്‍ നടക്കുന്ന പ്രശ്നങ്ങൾ കണക്കിലെടുത്താല്‍ ഇന്ത്യയാണ് ശരിക്കും ഒറ്റപ്പെടേണ്ടതെന്നും പാക്കിസ്ഥാൻ പറഞ്ഞു. 
 
ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമല്ല. യുഎൻ ആണ് കശ്മീരിന്റെ ഭാവി തീരുമാനിക്കേണ്ടത്. പാക്കിസ്ഥാനെക്കുറിച്ചുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രസ്താവന വ്യാജമാണ്. കശ്മീരിലെ സാഹചര്യങ്ങൾ മറച്ചുവയ്ക്കുന്നതിനാണ് ഇന്ത്യ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. 
 
യുഎൻ പൊതുസഭയും ഇന്ത്യയും പാക്കിസ്ഥാനും ചേർന്നാണ് കശ്മീരികളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത്. കഴിഞ്ഞ 70 വർഷക്കാലമായി കശ്മീർ ജനതയെ ബലംപ്രയോഗിച്ച് അടിച്ചമർത്തിയിരിക്കുകയാണ് ഇന്ത്യ. രാജ്യാന്തര സമൂഹത്തിൽനിന്ന് അവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കണമെന്നും പാകിസ്ഥാന്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക