അജിത്ത് ഡോവല്‍ മുതലെടുത്തത് പാക് ബലഹീനത; ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം തള്ളാനും കൊള്ളാനും കഴിയാതെ പാക് സൈന്യം

വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (11:43 IST)
ഉറി ഭീകരാക്രമണത്തിനു ഇന്ത്യ മറുപടി നല്കിയത് പാക് ബലഹീനതയെ മുതലെടുത്ത്. പാക് അധീന കശ്‌മീരിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചതോടെ ഇന്ത്യന്‍ ആക്രമണത്തെ നിരാകരിക്കാനും അംഗീകരിക്കാനും വയ്യാത്ത അവസ്ഥയില്‍ ആയിരുന്നു പാക് സൈന്യം. കാരണം വളരെ ലളിതം.
 
ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചു എന്ന് സമ്മതിച്ചാല്‍ പാകിസ്ഥാന്റെ നിയന്ത്രണത്തില്‍ രാജ്യത്ത് ഭീകരര്‍ പരിശീലനം നേടുന്നു എന്ന് സമ്മതിക്കുന്നതിന് തുല്യമാകും. എന്നാല്‍, ഇന്ത്യന്‍ നിലപാട് നിരാകരിച്ചാല്‍ സൈന്യത്തില്‍ ആത്മവിശ്വാസം ചോരുകയും ചെയ്യും. പാകിസ്ഥാന്റെ ഈ ദൌര്‍ബല്യത്തെ മുന്നില്‍ കണ്ടാണ് അജിത്ത് ഡോവല്‍ പാക് അധീന കശ്‌മീരിലെ ഭീകരകേന്ദ്രങ്ങള്‍ അക്രമിച്ചത്.
 
ദൌത്യം പ്രധാനമന്ത്രി ഏല്പിച്ചപ്പോള്‍ തന്നെ സൈനിക നടപടികള്‍ അതീവരഹസ്യമായിരിക്കണം എന്ന് അജിത്ത് ഡോവല്‍ വ്യക്തമാക്കി. സൈനിക നടപടിക്ക് പകരം അന്താരാഷ്‌ട്ര തലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നയമാണ് ഇന്ത്യയ്ക്ക് എന്ന രീതിയിലുള്ള നീക്കങ്ങള്‍ രാഷ്‌ട്രീയരംഗത്തും നയതന്ത്രരംഗത്തും പ്രകടിപ്പിച്ചതോടെ പാകിസ്ഥാന്റെ ധാരണകളില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞു. ഈ സമയം കൊണ്ട് സൈനിക നടപടിക്ക് മുന്നൊരുക്കം നടത്തുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക