നോട്ട് നിരോധിക്കല്‍; രാക്ഷസീയമായ ഈ നയം എത്രയും വേഗം പിൻവലിക്കണം - മമത
ശനി, 12 നവംബര്‍ 2016 (18:03 IST)
നോട്ടുകൾ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ വിമര്‍ശിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. നോട്ടുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം അത്യന്തം ജനദ്രോഹകരമാണ്. രാക്ഷസീയമായ ഈ നയം എത്രയും വേഗം പിൻവലിക്കണമെന്നും അവര്‍ പറഞ്ഞു.
രാജ്യത്തിലെ ഒരു ശതമാനം വരുന്ന ആളുകളുടെ കൈയിൽ മാത്രമേ കള്ളപണമുള്ളൂ. അതിനായി 99 ശതമാനം വരുന്ന ജനങ്ങളെ എന്തിനാണ് ബുദ്ധിമുട്ടിക്കുകയാണ്. നൂറ് രൂപ നോട്ട് കിട്ടാനില്ല. ജനങ്ങളുടെ ദുരിതം ഞാൻ ഇന്ന് നേരിൽ കണ്ടുവെന്നും പറഞ്ഞു.
2 ലക്ഷത്തോളം വരുന്ന എടിഎമ്മുകൾ അടഞ്ഞു കിടക്കുകയാണ്. ആരും അറിയാതെ അർധരാത്രി എടുത്ത ഈ തീരുമാനം പിൻവലിച്ചെ മതിയാകൂ എന്നും മമത ബാനർജി ആവശ്യപ്പെട്ടു.
അതേസമയം, നോട്ടുകൾ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം കള്ളപ്പണത്തിനെതിരായ വൻ ദൗത്യത്തിന്റെ ഭാഗമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റലി പറഞ്ഞു. നോട്ട് മാറ്റിയെടുക്കലും വിതരണവും പൂർണ തോതിലാകാൻ കൂടുതൽ സമയമെടുക്കും. രാജ്യത്തെ എടിഎമ്മുകളുടെ പ്രവര്‍ത്തനം നേരെയാകാന്‍ മൂന്നാഴ്‌ചയെങ്കിലും എടുക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.