നോട്ട് നിരോധിക്കലില്‍ എന്‍ഡിഎയില്‍ പൊട്ടിത്തെറി; ശിവസേനയ്‌ക്ക് പിന്നാലെ അകാലിദളും മോദിക്കെതിരെ - തീരുമാനം പുനഃപരിശോധിക്കില്ലെന്ന് പ്രധാനമന്ത്രി
തിങ്കള്‍, 14 നവംബര്‍ 2016 (20:14 IST)
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയ തീരുമാനത്തില്‍ എൻഡിഎയിൽ ഭിന്നത രൂക്ഷമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ശക്തമായ ഒരു വിഭാഗം നിലകൊള്ളുമ്പോള്‍ മറുഭാഗത്ത് ശിവസേനയും അകാലിദളുമാണ് രംഗത്ത്.
നോട്ട് നിരോധിക്കലിനെതിരെ തുടക്കത്തില്‍ തന്നെ പ്രതിഷേധിച്ച ശിവസേന തലവൻ ഉദ്ധവ് താക്കറെയുടെ നിലപാടുകളെ പിന്തുണച്ച് അകാലിദളും എത്തിയതാണ് കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്.
സ്വന്തം പണം കിട്ടാൻ ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അകാലിദൾ നേതാവും പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ ബദാൽ വ്യക്തമാക്കി. ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഈ തീരുമാനം അപ്രായോഗികമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്‌ക്കുന്നുണ്ടെങ്കിലും 50 ദിവസംകൊണ്ട് വിഷയത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യം മുഴുവന്‍ സര്‍ക്കാരിനൊപ്പമായതിനാല്‍ തീരുമാനം പുനഃപരിശോധിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എൻഡിഎ യോഗത്തില്‍ മോദി പറഞ്ഞു.
യോഗത്തില്‍ ഭിന്നത രൂക്ഷമാകുമെന്ന് വ്യക്തമായതോടെ മോദിക്ക് പിന്തുണയുമായി ബിജെപി നേതാക്കള്‍ രംഗത്ത് എത്തിയതായിട്ടാണ് സൂചന. ദേശീയ അധ്യക്ഷൻ അമിത് ഷാ, മുതിർന്ന നേതാക്കളായ അരുൺ ജയ്‍റ്റ്‍ലി, രാജ് നാഥ് സിംഗ്, എൽകെ അഡ്വാനി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
മോദിക്ക് ധൈര്യമുണ്ടെങ്കിൽ സ്വിസ് ബാങ്കുകളിൽ സർജിക്കൽ സ്ട്രൈക്ക് നടത്തണം. അവിടെയാണ് കള്ളപ്പണമുള്ളത്. അവയെ തിരികെ കൊണ്ടുവരികയാണ് വേണ്ടത്. മറിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത്. ജനങ്ങൾ മോദിയെ അമിതമായി വിശ്വസിക്കുന്നുണ്ട്. അവരുടെ വിശ്വാസം തകർക്കരുതെന്നും ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.