എടിഎം നിയന്ത്രണം ഭാഗികമായി നീക്കി; 10,000 രൂപ പരിധി ഉണ്ടാവില്ല, ആഴ്‌ചയിലെ 24,000ന് മാറ്റമില്ല - ഉത്തരവ് ബുധനാഴ്‌ച പ്രാബല്യത്തിൽ വരും
തിങ്കള്‍, 30 ജനുവരി 2017 (18:23 IST)
എടിഎമ്മിൽനിന്നു പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിച്ചു. ഒരു ദിവസം 10,000 രൂപയെന്ന പരിധി ഇനി ഉണ്ടാവില്ല. എന്നാല്‍ 24,000 രൂപയെന്ന ആഴ്ചയിലെ പരിധിക്ക് മാറ്റമില്ല. ബുധനാഴ്ച മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
കറന്റ് അക്കൌണ്ടുകള്‍ക്കാണ് ഇളവ് ഉണ്ടാവുക. പിന്‍വലിക്കല്‍ പരിധി കറന്റ് അക്കൌണ്ടുകളെ ബാധിക്കില്ല. കറന്റ് അക്കൌണ്ടുകളിലെ എല്ലാ നിയന്ത്രണവും ഫെബ്രുവരി ഒന്നിന് പിന്‍വലിക്കും. സേവിങ് അക്കൗണ്ടുകളില്‍ നിലവിലുള്ള നിയന്ത്രണം തുടരുമെന്നും ഉടന്‍ തന്നെ ഇത് പിന്‍വലിക്കുന്നത് പരിഗണനയിലാണെന്നും റിസര്‍വ്വ് ബാങ്ക് പറയുന്നു.
എന്നാൽ ഇത്തരത്തിലുള്ള നിർദേശം ബാങ്കുകൾക്ക് നൽകിയിട്ടുണ്ടെങ്കിലും പണം പിൻവലിക്കൽ സംബന്ധിച്ച് തീരുമാനമെടുക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ടായിരിക്കുമെന്നും ആർബിഐ വ്യക്തമാക്കി.
സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ നിശ്ചയിച്ചിട്ടുള്ള പിൻവലിക്കൽ പരിധികൾ തുടരുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. ഭാവിയിൽ സേവിങ്സ് അക്കൗണ്ട് നിയന്ത്രണം പിൻവലിച്ചേക്കാമെന്നും ആർബിഐ അറിയിച്ചു.